KeralaLatest

ആംഫിബിയന്‍ വാഹനങ്ങള്‍ കൊല്ലത്തിന് സ്വന്തമാകുന്നു

“Manju”

കൊല്ലം: വിനോദ സഞ്ചാര മേഖലയില്‍ കൊല്ലം ജില്ലയില്‍ ഒരു പൊന്‍ തൂവല്‍ കൂടി. സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയില്‍ ആംഫിബിയന്‍ വാഹന സൗകര്യം വരുന്നു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ അഷ്ടമുടി കായല്‍ കേന്ദ്രീകരിച്ചാണ് ആംഫിബിയന്‍ വാഹനം പ്രവര്‍ത്തന സജ്ജമാകുന്നത്. കായല്‍ ടൂറിസത്തിനന്റെ അനന്ത സാധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജൈവ വൈവിദ്ധ്യ സര്‍ക്യൂട്ടിന്റെ ഭാഗമായി വാഹനം എത്തുന്നത്. ജില്ലയില്‍ ടൂറിസം വികസനത്തിന്റെ ഭാഗമായി 25 കോടി രൂപയാണ് വക കൊള്ളിച്ചിരിക്കുന്നത്.

അഷ്ടമുടി കായല്‍, മണ്‍ട്രോതുരുത്ത് തുടങ്ങി തെന്മല, അച്ചന്‍ കോവില്‍ എന്നിവിടങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള വിശാലമായ പദ്ധതിയാണിത്. ജൈവ വൈവിദ്ധ്യം, പ്രകൃതി സൗന്ദര്യം എന്നിങ്ങനെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലാണ് പദ്ധതിക്ക് കളമൊരുങ്ങുന്നത്. കണ്ടല്‍ കാടുകള്‍ വഴി ജലയാത്ര, മലകയറ്റം, തെന്‍മല അച്ചന്‍ കോവില്‍ വഴിയുള്ള വന സഞ്ചാരം എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവിടെയെല്ലാം സഞ്ചാരികള്‍ക്ക് താമസ സൗകര്യവും ഒരുക്കും. കൊല്ലത്ത് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സുഗമമായ യാത്രയാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നത്.

കായല്‍ കടലോര ടൂറിസം ലക്ഷ്യമിട്ടാണ് വാഹനങ്ങള്‍ എത്തിക്കുന്നത്. വിദേശ രാജ്യങ്ങള്‍ ഇവക്ക് ഏറെ പ്രചാരമാണുള്ളത്. ആംഫിബിയസ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡാണ് വാഹനങ്ങള്‍ രൂപ കല്‍പ്പന ചെയ്യുന്നത്. ഓട്ടോ മൊബൈല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവയുമായി സഹകരിച്ചാണ് പ്രവര്‍ത്തനം നടത്തുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 3 കേന്ദ്രങ്ങളിലാണ് ഇത് നടപ്പാക്കുന്നതെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ രണ്ടു കേന്ദ്രവും കൊല്ലമാണ്. കൊല്ലവും തങ്കശ്ശേരിയുമാണ് ഇവ. കൊച്ചിയാണു മറ്റൊരു കേന്ദ്രം.

Related Articles

Back to top button