KeralaLatest

ഉറ്റവര്‍ അടുത്തില്ലാത്ത വയോജനങ്ങള്‍ക്ക് ഇനി കരുതലിന്റെ സഹായ ഹസ്തം; സര്‍ക്കാര്‍ ഓഫീസുകളില്‍ വയോജനങ്ങള്‍ നേരിട്ട് എത്തേണ്ടാത്ത രീതിയില്‍ ക്രമീകരണം; പുറമേ കൂടുതല്‍ പദ്ധതികള്‍

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കു സര്‍ക്കാര്‍ സേവനം വീടുകളില്‍ ലഭ്യമാക്കുന്നതുള്‍പ്പെടെ 10 പദ്ധതികള്‍ കൂടി മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുവത്സര ദിനത്തില്‍ പ്രഖ്യാപിച്ചു. 2 ഘട്ടമായി പ്രഖ്യാപിച്ച, 100 ദിവസം വീതമുള്ള പദ്ധതികള്‍ക്കു പുറമേയാണിത്. തദ്ദേശത്തില്‍ കിറ്റും പെന്‍ഷനും ഗുണം ചെയ്തുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

മുതിര്‍ന്ന പൗരന്മാര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാനും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനും ഓഫിസുകളില്‍ ഹാജരാകുന്നത് ഒഴിവാക്കും. വിജ്ഞാപനം 10നകം പുറത്തിറക്കും. മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫിലെ സഹായം, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയാണ് ആദ്യഘട്ടത്തിലെ സേവനങ്ങള്‍. ക്രമേണ എല്ലാ സേവനങ്ങളും വീട്ടിലെത്തിക്കും. ഇതിലൂടെ സര്‍ക്കാരിന് കരുതലിന്റെ പുതിയ മുഖം കിട്ടുമെന്നാണ് പ്രതീക്ഷ.

65 വയസ്സിനു മുകളിലുള്ളവര്‍ക്കും (പ്രത്യേകിച്ച്‌, മറ്റുള്ളവരുടെ സഹായം ലഭ്യമല്ലാത്തവര്‍), ഭിന്നശേഷിക്കാര്‍ക്കും ഭവന സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങളുടെ ആവശ്യം മനസ്സിലാക്കി ലഭ്യമാക്കുന്ന പരിപാടി. ഇത് 15 ന് ആരംഭിക്കും. ക്ഷേമപെന്‍ഷന്‍ വര്‍ധനയും ഭക്ഷ്യക്കിറ്റും അടക്കമുള്ള നൂറുദിന പദ്ധതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മലയാളികള്‍ക്ക് പുതുവര്‍ഷസമ്മാനമായി പത്തിന ജനകീയ പദ്ധതികളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ എത്തുന്നത്. വയോജനങ്ങള്‍ക്കുള്ള കരുതലാണ് ഇതില്‍ പ്രധാനം. സേവനം കിട്ടുന്നതിനോ പ്രശ്നം സര്‍ക്കാരിനെ അറിയിക്കുന്നതിനോ ഉറ്റവര്‍ അടുത്തില്ലാത്ത വയോജനങ്ങള്‍ക്ക് സേവനം വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ വയോജനങ്ങള്‍ നേരിട്ട് എത്തേണ്ടാത്ത രീതിയില്‍ ക്രമീകരണമുണ്ടാക്കും. ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവരുടെ വീടുകളില്‍ പോയി പരാതി സ്വീകരിച്ച്‌ അധികാരികള്‍ക്ക് എത്തിക്കും. തുടര്‍നടപടികള്‍ വിളിച്ച്‌ അറിയിക്കുന്നതിനും സംവിധാനമുണ്ടാക്കും. ഇതിന് സന്നദ്ധ സംഘടനകളുടെ സഹായം തേടും.

65 വയസ്സില്‍ക്കൂടുതല്‍ ഉള്ളവര്‍, മറ്റുള്ളവരുടെ സഹായം കിട്ടാതെ താമസിക്കുന്നവര്‍, കാഴ്ച- കേള്‍വിക്കുറവുള്ളവര്‍, ചലനശേഷിയില്ലാത്തവര്‍ തുടങ്ങിയവരുടെ വിവരം തദ്ദേശ സ്ഥാപനങ്ങള്‍ സന്നദ്ധ സേനാംഗങ്ങളെ അറിയിക്കും. ഇവര്‍ വീടുകളിലെത്തി സഹായം സംബന്ധിച്ച കാര്യങ്ങള്‍ തിരക്കും. തദ്ദേശ സ്ഥാപനങ്ങളും കലക്ടര്‍മാരും ഇതിന് മേല്‍നോട്ടം വഹിക്കും. വാര്‍ഷികവരുമാനം 2.5 ലക്ഷത്തില്‍ താഴെയുള്ള കുടുംബത്തിലെ മിടുക്കരായ 1000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ ധനസഹായ പദ്ധതിയില്‍ ഒരുലക്ഷം രൂപ വീതം നല്‍കാനുള്ള തീരുമാനം യുവാക്കളെ ലക്ഷ്യമിട്ടുള്ളതാണ്.

സാമ്പത്തികശേഷി കുറഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് ‘എമിനന്റ് സ്‌കോളേഴ്സ് ഓണ്‍ലൈന്‍’ പദ്ധതിയിലൂടെ വിവിധ മേഖലകളിലെ ആഗോളപ്രശസ്തരായ പ്രതിഭകളുമായി സംസാരിക്കാന്‍ അവസരമൊരുക്കും. പൊതുരംഗത്തെയും സര്‍ക്കാര്‍ സര്‍വീസുകളിലെയും അഴിമതി ഇല്ലാതാക്കാന്‍ അഴിമതിമുക്ത പൊതുസേവനം പദ്ധതി ആരംഭിക്കും. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ഓണ്‍ലൈനില്‍ രഹസ്യമായി അറിയിക്കാം. കുട്ടികളിലെ ആത്മഹത്യാ പ്രവണത തടയാനും സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും കൗണ്‍സലിങ് വിപുലമാക്കും പ്രകൃതി സൗഹൃദ നിര്‍മ്മാണം പ്രോല്‍സാഹിപ്പിക്കുന്നതിന് ഒറ്റത്തവണ കെട്ടിട നികുതിക്ക് ഗ്രീന്‍ റിബേറ്റ് ഏര്‍പ്പെടുത്തും. മുതിര്‍ന്നവര്‍ക്ക് പ്രഭാതസവാരിക്കും കുട്ടികള്‍ക്ക് കളിക്കുന്നതിനും എല്ലാ വില്ലേജിലും പൊതു ഇടങ്ങള്‍ ഒരുക്കുകയും ചെയ്യും.

കുട്ടികള്‍ക്കിടയിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ പദ്ധതിയും കരുതലിന്റെ ഭാഗമാണ്. 1024 സ്‌കൂള്‍ കൗണ്‍സലര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. മാസത്തില്‍ 2 തവണ ബ്ലോക്ക് തലത്തില്‍ രക്ഷിതാക്കള്‍ക്കു കൗണ്‍സലിങ്. സ്‌കൂളുകളില്‍ 20 കുട്ടികള്‍ക്ക് ഒരു അദ്ധ്യാപകന്‍ എന്ന ക്രമത്തില്‍ നിരീക്ഷണം. പ്രശ്‌നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സല്‍റ്റേഷന്‍. പ്രകൃതിസൗഹൃദ ഗാര്‍ഹിക നിര്‍മ്മാണങ്ങള്‍ക്ക് ആദ്യം ഒറ്റത്തവണയായി അടയ്ക്കുന്ന കെട്ടിട നികുതിയില്‍ നിശ്ചിത ശതമാനം ഇളവ്. മടങ്ങിവന്ന പ്രവാസികള്‍ക്കു ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ രേഖകള്‍ അപേക്ഷിച്ചു 15 ദിവസത്തിനകം ലഭ്യമാക്കാനും പദ്ധതിയുണ്ട്.

Related Articles

Back to top button