KeralaLatest

നടന്‍ മാമുക്കോയ അന്തരിച്ചു

“Manju”

കോഴിക്കോട്: മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാല് പതിറ്റാണ്ടോളം നിറഞ്ഞു നിന്ന നടന്‍ മാമുക്കോയ (76) അന്തരിച്ചു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യനടന്‍മാരില്‍ ഒരാളായ മാമുക്കോയ നാടകരംഗത്തു നിന്നുമാണ് സിനിമയില്‍ എത്തിയത്. കോഴിക്കോടന്‍ ഭാഷയുടെ മനോഹരമായ ശൈലിയെ സിനിമയില്‍ ജനകീയമാക്കിയ നടന്‍കൂടിയാണ് മാമുക്കോയ. വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ നാടക പ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു.

1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയത്. പിന്നീട് ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിൽ അദ്ദേഹം ചെയ്യ്ത അറബി മുൻഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. കല്ലായി കൂപ്പിലെ അളവുകാരന്റെ പണിയിൽ നിന്നാണ് സിനിമ എന്ന മായാപ്രപഞ്ചത്തിലേക്ക് മാമുക്കോയ എത്തുന്നത്. അഭ്രപാളികളിൽ പ്രേക്ഷകർക്ക് പൊട്ടിച്ചിരി സമ്മാനിക്കുമ്പോഴും സ്ക്രീനുകൾക്ക് പുറത്ത് പട്ടിണിയും ദാരിദ്രവും എല്ലാ അനുഭവിച്ച് വളർന്ന ഒരു പച്ചയായ മനുഷ്യനായിരുന്നു മാമുക്കോയ. 1982-ൽ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. പിന്നീടങ്ങോട്ട് മലയാള സിനിമയിൽ മാമുക്കോയ നിറഞ്ഞു നിന്നു. അഭിനയത്തിന്റെ കോഴിക്കോടൻ മുഖം പിന്നീട് ജനകീയമായി.

കോഴിക്കോട് ഭാഗത്തെ നിരവധി സിനിമാ, നാടക, സാംസ്ക്കാരിക പ്രവർത്തകരുമായി വലിയ സൗഹൃദം സൂക്ഷിച്ചിരുന്നു. സുഹ്റയാണ് മാമുക്കോയയുടെ ഭാര്യ. നിസാർ, ഷാഹിദ, നാദിയ, അബ്ദുൾ റഷീദ് എന്നിവർ മക്കളാണ്. പെരുമഴക്കാലം സിനിമയിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. മികച്ച ഹാസ്യ നടനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button