IndiaKeralaLatestSports

ഐപിഎൽ ഗാനം ‘കോപ്പിയടി’ വിവാദങ്ങൾക്ക് തുടക്കം?

“Manju”

ദുബായ്• 2020 ഐപിഎൽ സീസണ്‍ തുടങ്ങും മുൻപേ വിവാദങ്ങൾക്കു തുടക്കം. ഐപിഎൽ സീസണിന്റെ ഔദ്യോഗിക ഗാനമായി കഴിഞ്ഞ ദിവസം പുറത്തിറക്കിയത് മറ്റൊരു പാട്ട് കോപ്പിയടിച്ച് ചെയ്ത ഗാനമാണെന്നാണ് ആരോപണം. സെപ്റ്റംബർ ആറിനാണ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി ‘ആയേങ്കെ ഹം വാപസ്’ എന്ന ഐപിഎൽ ഗാനം പുറത്തിറക്കിയത്. ‘കരുത്തുറ്റ തിരിച്ചുവരവ്’ എന്ന പ്രമേയം അടിസ്ഥാനമാക്കി ചെയ്ത പാട്ട് 93 സെക്കന്റ് ദൈർഘ്യമുള്ളതാണ്. കോവിഡിൽ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് ഐപിഎല്ലിന്റെ തിരിച്ചുവരവ് പ്രതീക്ഷയും സന്തോഷവും നൽകുന്നതാണ് ഇതിന്റെ വിഡിയോ ദൃശ്യങ്ങളിലുള്ളത്.

ഗാനം പുറത്തിറങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ റാപ്പറായ കൃഷ്ണ കൗളാണ് ഇതിനെതിരെ രംഗത്തെത്തിയത്. 2017ല്‍‌ കൃഷ്ണ കൗള്‍ പുറത്തിറക്കിയ ‘ദേഖോ കോൻ ആയ വാപസ്’ എന്ന റാപ് ഗാനം മോഷ്ടിച്ചാണ് ഐപിഎൽ ഗാനം സൃഷ്ടിച്ചിരിക്കുന്നതെന്നാണു ആരോപണം. തന്റെ അറിവോ, ക്രെഡിറ്റോ ഇല്ലാതെ ഐപിഎൽ അധികൃതർ ഗാനം കോപ്പിയടിച്ചെന്ന് സംഗീതജ്ഞൻ ആരോപിച്ചു. ട്വിറ്റർ അക്കൗണ്ട് വഴിയാണ് കൃഷ്ണ ആദ്യം ആരോപണം ഉന്നയിച്ചത്.

‘ഐപിഎൽ അധികൃതർ എന്റെ ‘ദേഖോ കോൻ ആയ വാപസ്’ എന്ന ഗാനം മോഷ്ടിച്ചാണ് ‘ആയേങ്കെ ഹം വാപസ്’ എന്ന ഐപിഎൽ ഗാനം സൃഷ്ടിച്ചിരിക്കുന്നത്. ഇതിനായി യാതൊരു അനുമതിയും ഐപിഎല്‍ വാങ്ങിയിട്ടില്ലെന്നും കൃഷ്ണ ട്വിറ്ററിൽ കുറിച്ചു. സംഭവം ഏറ്റെടുത്ത ക്രിക്കറ്റ് ആരാധകർ ബിസിസിഐയ്ക്കെതിരെയും ഐപിഎൽ അധികൃതർക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. #IplAnthemCopied എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്റിങ്ങാണ്. കൃഷ്ണയ്ക്കു നീതി തേടിയുള്ള വാദങ്ങൾ ശക്തമായതോടെ സംഭവത്തിൽ വിശദീകരണവുമായി ഐപിഎൽ ഗാനം തയാറാക്കിയ പ്രണവ് അജയ് റാവു മാൽപെ തന്നെ രംഗത്തെത്തി.

സ്വന്തം കഠിനാധ്വാനത്തിന്റെയും ശ്രമങ്ങളുടെയും ഭാഗമായാണു ഐപിഎൽ ഗാനം ഉണ്ടാക്കിയതെന്നു പ്രണവ് അവകാശപ്പെട്ടു. ഇതിന് മ്യൂസിക് കംപോസേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എംസിഎഐ) അനുമതിയുണ്ട്. ഗാനവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങള്‍ പൂർണമായും അടിസ്ഥാനരഹിതമാണ്. ബുദ്ധിമുട്ടേറിയ സമയത്ത് ആൾക്കാർക്ക് പ്രചോദനമായാണ് ഗാനം നിർമിച്ചതെന്നും പ്രണവ് സമൂഹമാധ്യമത്തിൽ‌ വ്യക്തമാക്കി.

 

Related Articles

Back to top button