KannurKeralaLatest

രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൈസ്‌ഡ്‌ ലൈബ്രറി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

“Manju”

അനൂപ് എം. സി.

കണ്ണൂർ : മയ്യിലിനെ രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൈസ്‌ഡ്‌ ലൈബ്രറി പഞ്ചായത്തായി ഗ്രന്ഥശാലാ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. കോവിഡ്‌ ലോകമെമ്പാടുമുള്ള വായനാശീലത്തെ മാറ്റിമറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോകമെങ്ങും വായന പൂത്തുതളിർത്ത കാലയളവാണിത്‌. ലോക്‌ഡൗൺ കാലയവിൽ ഭൂരിഭാഗം പേരും വായനയിലാണ്‌ അഭയം തേടിയത്‌.
പുസ്‌തകങ്ങൾ വീടുകൾതോറും എത്തിക്കാൻ കേരളത്തിൽ ഗ്രന്ഥശാലകൾ മുൻകയ്യെടുത്തപ്പോൾ വൈറസ്‌ വ്യാപന ഭീതിയെത്തുടർന്ന്‌ ആളുകൾ വാങ്ങാൻ മടിച്ചു. എന്നാൽ ഇ ബുക്കുകൾ ഉൾപ്പെടുയുള്ളവയെ ജനം കൂടുതലായി ആശ്രയിച്ചു. കേരളത്തിന്റെ വായനാസംസ്‌കാരത്തിൽ കാതലായ മാറ്റങ്ങൾക്കാണ്‌ ഈ പ്രവണത തുടക്കമിട്ടത്‌.

വിവരസാങ്കേതിക വിദ്യ കാലത്തെ മാറ്റിമറിക്കുകയാണ്‌. ഗ്രന്ഥാലയത്തിൽ വന്ന്‌ പുസ്‌തകമെടുക്കുന്ന രീതിയിലും മാറ്റം വരും. ജനം ഇരിക്കുന്നിടത്തേക്ക്‌ പുസ്‌തകങ്ങളും അറിവുകളും എത്തുന്നിടത്തേക്ക്‌ ലോകം മാറുകയാണ്‌.
കേരളത്തിൽ ഏറ്റവും കൂടുതൽ ലൈബ്രറികൾ പ്രവർത്തിക്കുന്ന മയ്യിൽ ഡിജിറ്റെസേഷൻ പ്രകിയയിലൂടെ വലിയ മാതൃകയാണ്‌ സൃഷ്ടിച്ചത്‌. 33 ചതുരശ്ര കിലോമീറ്ററിൽ 34 ലൈബ്രറികൾ പ്രവർത്തിക്കുന്ന മയ്യിൽ വായനയ്‌ക്ക്‌ മാതൃകയാണ്‌. എല്ലാ വഴികളും ഗ്രന്ഥശാലകളിൽ ചെന്ന്‌ അവസാനിക്കുന്ന നാടാണിത്‌. ഡിജിറ്റലൈസേഷനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ ജയിംസ്‌മാത്യു എംഎൽഎയെയും മാതൃകാപ്രവർത്തനം ഏറ്റെടുത്ത ഗ്രന്ഥശാലാ പ്രവർത്തകരെയും സാങ്കേതിക സഹായം നൽകിയ ഇൻവോതിങ്കിനെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈൻ ഉദ്‌ഘാടന ചടങ്ങിൽ ജയിംസ്‌ മാത്യു എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി വസന്തകുമാരി, പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാലൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ ഡോ. കെ വി കുഞ്ഞികൃഷ്‌ണൻ, സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, സെക്രട്ടറി പി കെ വിജയൻ, താലൂക്ക്‌ സെക്രട്ടറി വി സി അരവിന്ദാക്ഷൻ, ജില്ലാ കൗൺസിലർ കെ പി കുഞ്ഞികൃഷ്‌ണൻ, ടി കെ ഗോവിന്ദൻ, ബിജു കണ്ടക്കൈ എന്നിവർ സംസാരിച്ചു. ടി കെ ശ്രീകാന്ത്‌ നന്ദി പറഞ്ഞു.

പഞ്ചായത്തിലെ 34 ലൈബ്രറികളിലെയും പുസ്‌തകങ്ങളുടെ തെരഞ്ഞെടുപ്പും വിതരണവും അനുബന്ധ പ്രവർത്തനങ്ങളും ഉൾപ്പെടെ ഓൺലൈൻ ആകുമെന്നതാണ്‌ പദ്ധതിയുടെ പ്രധാന സവിശേഷത. ഈ ലൈബ്രറികളിലെ 2,09, 404 പുസ്‌തകങ്ങളുടെ വിവരങ്ങൾ ഈ സംവിധാനത്തിലൂടെ അറിയാനാവും. ലൈബ്രറിയിൽ എത്തുന്ന വായനക്കാരനാണ്‌ ഒരു മൗസ്‌ ക്ലിക്കിലൂടെ പുസ്‌തകം വിതരണം ചെയ്യാനും മടക്കാനുമാവും. പുസ്‌തകത്തിന്റെ പേര്‌, ഗ്രന്ഥകാരൻ, പ്രസാധകൻ തുടങ്ങി അനേകം ഓപ്‌ഷനുകളിലൂടെ പുസ്‌തകം തെരയാം. ആഗ്രഹിക്കുന്ന പുസതകം മയ്യിൽ പഞ്ചായത്തിലെ ഏതെല്ലാം ലൈബ്രറികളിൽ ലഭ്യമാവുമെന്ന വിവരം ലോകത്തിന്റെ ഏതൊരു കോണിലേയും വായനക്കാരന്‌ ഓൺലൈനായും കണ്ടെത്താം. കോഴിക്കോട്‌ യുഎൽ സൈബർ പാർക്കിലെ ‘ഇൻവോ തിങ്ക്’ എന്ന സ്ഥാപനം‌ വികസിപ്പിച്ച ലിബ്‌‌കാറ്റ്‌ എന്ന ഓപ്പൺസോഴ്‌സ്‌ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ചാണ്‌ സംരംഭം. mayyil.lib.net.in എന്ന വെബ്‌സൈറ്റ്‌ ലിങ്കിലൂടെയാണ്‌ സേവനങ്ങൾ ലഭ്യമാവുക.

Related Articles

Back to top button