KeralaLatest

പ്രതിയുടെ വീടാണെന്ന് കരുതി പരാതിക്കാരന്റെ വീട് വളഞ്ഞ് പോലീസ്

“Manju”

കാസര്‍കോട്: തല്ലുകേസിലെ പ്രതിയുടെ വീടാണെന്ന് കരുതി പരാതിക്കാരന്റെ വീട് വളഞ്ഞ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മൊബൈല്‍ നമ്പര്‍ മാറിപ്പോയതാണ് പരാതിക്കാരന്റെ വീട് വളയാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. ബേത്തൂര്‍പാറ സ്‌കൂള്‍ പരിസരം കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുന്നുവെന്ന് സംശയിച്ച് ചിലരെ ചോദ്യം ചെയ്തതിന് ബേത്തൂര്‍പാറ സ്വദേശി കെ സച്ചിനെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ സച്ചിന്‍ പ്രതികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഫെബ്രുവരി 27-ന് നടന്ന സംഭവത്തില്‍ എട്ടുപേരെ പ്രതി ചേര്‍ത്തിരുന്നെങ്കിലും രണ്ടുപേരെ മാത്രമാണ് പൊലീസിന് പിടിക്കാനായത്. സംഭവത്തില്‍ പ്രദേശത്തെ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടിയും രംഗത്തുവന്നതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. അന്വേഷണത്തില്‍ പ്രധാന പ്രതികള്‍ ബേത്തൂര്‍പാറ, പരപ്പ ഭാഗങ്ങളിലുണ്ടെന്നും ഉടന്‍ പിടിക്കാനാകുമെന്നുമാണ് പൊലീസ് നല്‍കിയ വിവരം.

പ്രതിയുടേതെന്ന് കരുതി പരാതിക്കാരന്റെ ഫോണ്‍ നമ്പറിന്റെ ലൊക്കേഷന്‍ തിരഞ്ഞാണ് പൊലീസ് സച്ചിന്റെ വീട്ടില്‍ എത്തുന്നത്. സച്ചിന്റെ അച്ഛനോട് മകനെ പുറത്തിറക്കണമെന്ന് പറഞ്ഞ പൊലീസിന് പരാതിക്കാരനെ കണ്ടതോടു കൂടിയാണ് അബദ്ധം മനസ്സിലായത്. വീടിന് ചുറ്റിലും അഞ്ച് പൊലീസുകാരുണ്ടായിരുന്നതായി സച്ചിന്‍ പറഞ്ഞു. അബദ്ധം സംഭവിച്ചുവെന്ന് മനസ്സിലായതൊടെ അന്വേഷണത്തിന്റെ ഭാഗമായി കയറിയതാണെന്ന് പറഞ്ഞ് എസ്‌ഐയും സംഘവും മടങ്ങുകയായിരുന്നു.

 

Related Articles

Back to top button