IndiaInternationalLatest

ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം

“Manju”

ഒരു സമൂഹത്തിലെ നിര്‍ണായകമായ ഘടകമാണ് കുട്ടികള്‍. എന്നാല്‍ കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഒരു നേരത്തെ അന്നത്തിനായി പണിയെടുക്കേണ്ടി വരുന്ന നിരവധി കുട്ടികള്‍ ലോകമെമ്ബാടുമുണ്ട്. ഈ സാഹചര്യത്തില്‍ ബാലവേല നിരോധനത്തെക്കുറിച്ച്‌ സമൂഹത്തിന് ബോധവത്ക്കരണം നടത്താനാണ് എല്ലാ വര്‍ഷവും ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്. ലോകമെമ്ബാടുമുള്ള നൂറോളം രാജ്യങ്ങള്‍ ഇന്ന് (ജൂണ്‍ 12) ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നു.

പഠനമനുസരിച്ച്‌ ആഗോളതലത്തില്‍ ഓരോ 10 കുട്ടികളിലും ഒരാള്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. എന്നാല്‍ 2000 മുതലുള്ള കണക്കുകള്‍ അനുസരിച്ച്‌ മൊത്തത്തില്‍ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐ‌എല്‍‌ഒ) കണക്കുകള്‍ അനുസരിച്ച്‌, ലോകത്താകമാനം 152 മില്യണ്‍ കുട്ടികള്‍ ബാലവേലയില്‍ ഏര്‍പ്പെടുന്നുണ്ട്. അവരില്‍ 72 മില്യണ്‍ കുട്ടികളും അപകടകരമായ സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത്. ബാലവേലയെ ഉന്മൂലനം ചെയ്യുന്നതിനുളള ആഹ്വാനമാണ് ഈ വര്‍ഷത്തെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ വിഷയം. ബാലവേലയുടെ ഏറ്റവും മോശം രൂപങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ ‘കണ്‍വെന്‍ഷന്‍ നമ്ബര്‍ 182’ന്റെ ആഗോള അംഗീകാരത്തിന് ശേഷമുള്ള ആദ്യ ലോക ബാലവേല വിരുദ്ധ ദിനമാണിത്.

കോവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും ബാലവേലയ്ക്ക് എതിരായി ജൂണ്‍ 12 മുതല്‍ ഒരാഴ്ച്ച നീളുന്ന ‘പ്രവര്‍ത്തന ആഴ്ച’ ആണ് ഇത്തവണ ആഹ്വാനം ചെയ്തിരിക്കുന്നത്. കൂടാതെ ബാലവേലയുടെ ലോകമെമ്പാടുമുള്ള പുതിയ കണക്കുകളുടെ പ്രകാശനവും നടത്തും. കൊവിഡ് കാലത്ത് കുട്ടികളെ സംരക്ഷിക്കുക എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബാലവേല വിരുദ്ധ ദിനം മുന്നോട്ട് വച്ച ആശയം.

ചരിത്രം :  ആഗോള സമൂഹത്തെ നിയന്ത്രിക്കുന്ന ഐക്യരാഷ്ട്ര സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ഐ‌എല്‍‌ഒ) ചേര്‍ന്ന് 2002ലാണ് ലോക ബാലവേല വിരുദ്ധ ദിനം ആരംഭിച്ചത്. 5 നും 17 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സാധാരണ ബാല്യം ഉറപ്പു നല്‍കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കുന്നതിന് വേണ്ടിയുള്ള ദിവസമാണിത്. കുട്ടികള്‍ക്ക് ഉചിതമായ വിദ്യാഭ്യാസം, ആവശ്യമായ മെഡിക്കല്‍ സേവനങ്ങള്‍, ഒഴിവു സമയം, അടിസ്ഥാന സ്വാതന്ത്ര്യം എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ഈ ദിനത്തിലൂടെ സംഘടനകള്‍ ലക്ഷ്യമിടുന്നത്.

ഈ ദിനത്തിന്റെ പ്രാധാന്യം :  കുട്ടികള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും അത് അവസാനിപ്പിക്കുന്നതിനുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനുമായാണ് ജൂണ്‍ 12 ലോക ബാലവേല വിരുദ്ധ ദിനമായി ആചരിക്കുന്നത്. ബാലവേലയിലേക്ക് കുട്ടികളെ തള്ളിവിടുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കുകയും കുട്ടികള്‍ക്ക് നേരിടേണ്ടി വരുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങളെക്കുറിച്ച്‌ പൊതു സമൂഹത്തില്‍ അറിവ് വളര്‍ത്തുകയുമാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ബാലവേലയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായ മാര്‍ഗങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരമായി ഈ ദിവസം കണക്കാക്കുന്നു.

Related Articles

Back to top button