Kerala

ലൈഫ് മിഷന്‍ തട്ടിപ്പില്‍ അന്വേഷണം എത്തിനില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ വീട്ടില്‍: കെ. സുരേന്ദ്രന്‍

“Manju”

എസ് സേതുനാഥ്

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലാണ് ഇപ്പോള്‍ അന്വേഷണം എത്തി നില്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ തട്ടിപ്പില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്‍ പദ്ധതിയില്‍ എല്ലാവര്‍ക്കും വീടുവച്ചു നല്‍കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ ആര്‍ക്കും വീടു കിട്ടിയില്ല. ലൈഫ് മിഷന്‍ പദ്ധതിയുടെ പരസ്യത്തിനായി ചിലവഴിച്ച തുക തന്നെ മതിയായിരുന്നു പാവപ്പെട്ട നാലുപേര്‍ക്കെങ്കിലും വീടു വച്ചുനല്‍കാന്‍. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് ഫ്‌ളാറ്റ് വച്ചു നല്‍കിയെന്നാണ്. എന്നാല്‍ ഭുമിയില്‍ ഒരിടത്തും സര്‍ക്കാര്‍ ഫ്‌ളാറ്റ് പണിതില്ല. ഇനി പാതാളത്തിലാണോ ഫ്‌ളാറ്റ് പണിതതെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. എല്ലാ തെരഞ്ഞെടുപ്പ് വരുമ്പോഴും സര്‍ക്കാരിന്റെ പ്രധാന വാഗ്ദാനമാണ് പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കുമെന്നത്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായി എപ്പോഴും തുടരുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയും അഴിമതിക്കെതിരെയുമാണ് ബിജെപി സംസ്ഥാന വ്യാപകമായി പ്രക്ഷോഭങ്ങള്‍ നടത്തുന്നത്. കേരളത്തില്‍ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിക്കുന്നത്. പോലീസുകാര്‍ക്ക് ശമ്പളം തരുന്നത് എകെജി സെന്ററില്‍ നിന്നല്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണം. പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ അഴിമതി നടത്താത്ത ആരുമില്ല.
മതമില്ലെന്ന് പറഞ്ഞവര്‍ മതമെടുത്താണ് ഇപ്പോള്‍ കളിക്കുന്നത്. സമരങ്ങളെ വഴിതിരിച്ചുവിടാന്‍ വ്യാപകമായ ശ്രമമാണ് നടക്കുന്നത്. സിപിഎമ്മിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. അതിനാല്‍ തന്നെ അവര്‍ എന്തും ചെയ്യും. സമരക്കാര്‍ തികഞ്ഞ ജാഗ്രത പാലിക്കണം. വിനാശകാലേ വിപരീത ബുദ്ധി എന്നു മാത്രമാണ് പിണറായി വിജയനോട് ബിജെപിയ്ക്ക് പറയാനുള്ളതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
നഗരസഭ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍ ഗോപന്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നഗരസഭ പാവപ്പെട്ട ജനങ്ങളെ പറ്റിക്കുകയാണ്. എത്ര പേര്‍ക്ക് വീട് നല്‍കാന്‍ കഴിഞ്ഞെന്നും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതുവരെയായി എന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. തറക്കല്ലിടല്‍ മാത്രമാണ് ഇപ്പോള്‍ തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്നതെന്നും എം.ആര്‍ ഗോപന്‍ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, നഗരസഭ നികുതി അപ്പീൽ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍
സിമി ജ്യോതിഷ്, കൗണ്‍സിലര്‍മാരും ബിജെപി ജില്ലാ നേതാക്കളുമായ തിരുമല അനില്‍, കരമന അജിത്ത്, വി.ജി ഗിരികുമാര്‍, എസ്‌കെപി രമേശ്, പാപ്പനംകോട് സജി, ബീന ആര്‍.സി, മഞ്ജു പി.വി തുടങ്ങിയവര്‍ ഉപവാസത്തിന് നേതൃത്വം നല്‍കി.

Related Articles

Back to top button