Ernakulam

എത്തിയത്‌ പണം സ്വരൂപിക്കൽ ലക്ഷ്യമിട്ട്; ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും കണ്ടെത്തി

“Manju”

കൊച്ചി• രാജ്യത്ത് വൻ നഗരങ്ങളിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് കൊച്ചിയിലെത്തി പിടിയിലായ അൽ ക്വയിദ ഭീകരരിൽ നിന്ന് ആയുധങ്ങളും ഡിജിറ്റൽ തെളിവുകളും ജിഹാദി രേഖകളും കണ്ടെത്തിയതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). നാടൻ തോക്കുകളും മൂർച്ചയേറിയ ആയുധങ്ങളും ഉൾപെടെയാണ് പ്രതികൾ പിടിയിലായിരിക്കുന്നത്. പ്രാദേശികമായി നിർമിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ നിർമിക്കുന്നതിനുള്ള വിവരങ്ങൾ അടങ്ങിയ രേഖകളും കണ്ടെത്തിയിട്ടുണ്ട്.

ഡൽഹിയിൽ സ്ഫോടനം നടത്തുന്നതിന് ലക്ഷ്യമിട്ടാണ് ഭീകരർ പ്രവർത്തിച്ചിരുന്നത് എന്നാണ് എൻഐഎയ്ക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. രാജ്യത്ത് വൻ നഗരങ്ങളിൽ സ്ഫോടനം നടത്തുന്നതിന് പണം സ്വരൂപിക്കലായിരുന്നു പ്രതികളുടെ കേരളത്തിലെ ദൗത്യമെന്നും വ്യക്തമായിട്ടുണ്ട്. ഭീകര പ്രവർത്തനത്തിന് പണം നൽകി സഹായിക്കുന്നവർ കേരളത്തിലുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇവിടെ എത്തിയതെന്നാണ് വിവരം. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങൾ എൻഐഎ പരിശോധിച്ചു വരികയാണ്.

ഏലൂർ പാതാളത്ത് അതിഥി തൊഴിലാളികൾക്കൊപ്പം താമസിച്ചിരുന്ന മുർഷിദ് ഹസൻ രണ്ടു മാസത്തിലേറെയായി ഇവിടെ മറ്റു മൂന്ന് തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇയാൾ പിടിയിലായത്. പെരുമ്പാവൂരിൽ നിന്നു പിടിയിലായ മുസാറഫ് ഹുസൈനും ആലുവയിൽ നിന്ന് പിടിയിലായ യാക്കൂബ് ബിശ്വാസും ഇവിടെ എത്തിയിട്ട് രണ്ടര മാസത്തിൽ ഏറെയായി. നിർമാണ തൊഴിലാളികള്‍ എന്ന നിലയിൽ താമസിച്ച് വരുന്നതിനിടയിലാണ് അറസ്റ്റ്.

Related Articles

Back to top button