Thrissur

സുഭിക്ഷ കേരളം പദ്ധതിയില്‍ ഫണ്ട് വിനിയോഗം പൂര്‍ത്തിയാക്കണം: തൃശ്ശൂർ ജില്ലാ വികസന സമിതി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

സുഭിക്ഷ കേരളം പദ്ധതി വിപുലപ്പെടുത്താനും അനുവദിക്കപ്പെട്ട തുകയുടെ വിനിയോഗം പൂര്‍ത്തിയാക്കാനും ജില്ലാ വികസനസമിതി യോഗത്തില്‍ തീരുമാനം. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയ്ക്ക് അനുവദിക്കപ്പെട്ട ഫണ്ട് എത്രയും വേഗത്തില്‍ വിനിയോഗിക്കുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലെ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. ജില്ലയില്‍ സുഭിക്ഷ കേരളം പദ്ധതി പ്രകാരമുള്ള ഫണ്ട് വിനിയോഗം ഇതേവരെ 1.23 ശതമാനം മാത്രമാണ്. എന്നാല്‍ ജില്ലയ്ക്ക് അനുവദിക്കപ്പെട്ട തുക 1.32 കോടി രൂപയാണ്. ഇതില്‍ നിന്ന് 1.6 കോടി രൂപ മാത്രമേ ചെലവഴിക്കാനായിട്ടുള്ളുവെന്നും കലക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ നിലവിലുള്ള 1720 പദ്ധതികളുടെ ഭാഗമായ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, വ്യവസായം എന്നിവയെ കൂടുതല്‍ വിപുലപ്പെടുത്തി പഞ്ചായത്തു തലത്തില്‍ വികസനം സാധ്യമാക്കാനുള്ള നടപടി ക്രമങ്ങള്‍ക്കും ധാരണയായി.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമല, ജൂബിലി മെഡിക്കല്‍ കോളേജുകളില്‍ 200 കിടക്കകള്‍ വീതം സജ്ജീകരിക്കാന്‍ തീരുമാനമായതായി കലക്ടര്‍ അറിയിച്ചു. എ ബി സി കാറ്റഗറിയില്‍പെട്ട രോഗികളില്‍ നിന്ന് ബി കാറ്റഗറിയില്‍പെട്ട രോഗ സാധ്യതയുള്ളവരെ ഇവിടങ്ങളില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. ജില്ലയില്‍ ഇത്തരത്തില്‍ 600 കിടക്കകളുള്ള സ്ഥലങ്ങള്‍ കണ്ടെത്തും. എം എല്‍ എമാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനവും സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തില്‍ കോവിഡ് പ്രതിരോധത്തിന് സന്നദ്ധ സേവനത്തിന് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഇതുപ്രകാരം വീടുകളിലെ രോഗികളെ ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സാധിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയില്‍ മാലിന്യ ശേഖരണ കേന്ദ്രവും നടത്താനും തീരുമാനിച്ചു.

കിഫ്ബി ഫണ്ടുപയോഗിച്ചു പണി പൂര്‍ത്തിയാക്കാത്ത സ്‌കൂളുകളില്‍ 6 എണ്ണം നവംബര്‍, 3 എണ്ണം ഡിസംബര്‍, ബാക്കിയുള്ളവ മാര്‍ച്ച് മാസത്തിലും പൂര്‍ത്തിയാക്കുമെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ പ്രതിനിധി അറിയിച്ചു. ജില്ലയില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് 3 കോടി രൂപയ്ക്ക് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ള 13 സ്‌കൂളുകളില്‍ 5 എണ്ണം ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഒരു കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 21 സ്‌കൂളുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും പ്രതിനിധി യോഗത്തെ അറിയിച്ചു.

സര്‍ക്കാര്‍ ആനുകൂല്യ പദ്ധതികള്‍ക്ക് ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്ന നടപടി ഉടന്‍ പൂര്‍ത്തിയാക്കും. 81 ശതമാനം ഗുണഭോക്തൃ പട്ടികയാണ് പൂര്‍ത്തിയായിട്ടുള്ളതെന്നും ബാക്കിയുള്ള ഗുണഭോക്താക്കളുടെ പട്ടിക ഈയാഴ്ച തന്നെ പഞ്ചായത്തിന് കൈമാറുമെന്നും ഡിഡിപി പ്രതിനിധി അറിയിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസരം കൂടുതല്‍ സുതാര്യമാക്കും. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് വിതരണം ചെയ്യാനും രേഖാമൂലം ഗുണഭോക്താക്കളെ അറിയിക്കാനും നടപടിയെടുക്കും.

ടേക് എ ബ്രേക്ക് പദ്ധതി പ്രകാരം അന്താരാഷ്ട്ര നിലവാരത്തിലുളള ശുചിമുറി നിര്‍മിക്കുന്നതിന് ജില്ലയില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ സ്ഥലം കണ്ടെത്തും. മൂന്ന് സെന്റ് വരെയുള്ള സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തും. ഏജന്‍സി മുഖേന ഇതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും ഹൈവേ, ടോള്‍ പ്ലാസ എന്നിവിടങ്ങളില്‍ ഇവ മികച്ച രീതിയില്‍ നിര്‍മിക്കാനും യോഗത്തില്‍ ധാരണയായി.

തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കന്നുകാലി മേച്ചില്‍പുറം പട്ടയ വിതരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പരാതികള്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ പരിഹരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുറ്റുമതില്‍ നിര്‍മാണം സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ രോഗികളെ അവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ച ശേഷം മാത്രമേ നടത്താന്‍ സാധിക്കൂവെന്നും യോഗം തീരുമാനിച്ചു. വഞ്ചിക്കുളം – ചേറ്റുപുഴ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം ഡിപിആര്‍ സമര്‍പ്പിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍, എം എല്‍ എമാരായ ബി ഡി ദേവസി, മുരളി പെരുനെല്ലി, യു ആര്‍ പ്രദീപ്, ഇ ടി ടൈസണ്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനില്‍ സംബന്ധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, പ്ലാനിങ് ഓഫീസര്‍ ശ്രീലേഖ തുടങ്ങിയവര്‍ കോണ്‍ഫറന്‍സ് ഹാളിലെ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button