KeralaLatest

മലയാറ്റൂർ പാറമട സ്‌ഫോടനം; മാനേജരും ജീവനക്കാരനും അറസ്റ്റിൽ

“Manju”

എറണാകുളം മലയാറ്റൂർ ഇല്ലിത്തോട്ടിൽ പാറമടയിൽ സ്‌ഫോടനമുണ്ടായി രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ മാനേജരും ജീവനക്കാരനും അറസ്റ്റിൽ. പാറമട മാനേജർ രഞ്ജിത്ത്, സ്‌ഫോടക വസ്തുക്കൾ കൊണ്ടുപോകുന്ന അജേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പാറമട ഉടമ ഇപ്പോഴും ഒളിവിലാണ്. നേരത്തെ കേസിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയാണ് മലയാറ്റൂർ ഇല്ലിത്തോട്ടിലെ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ വൻ സ്‌ഫോടനം നടന്നത്. ഈ കെട്ടിടത്തിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ സ്‌ഫോടനത്തിൽ മരിച്ചു. തമിഴ്‌നാട് സേലം സ്വദേശി പെരിയണ്ണൻ ലക്ഷ്മണൻ, കർണാടക ചാമരാജ് നഗർ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. പാറമടയിൽ ഉപയോഗിക്കാനായി കെട്ടിടത്തിൽ സ്‌ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നു. വിജയ ക്വാറി വർക്ക്‌സ് എന്ന സ്ഥാപനമാണ് ക്വാറിയുടെ നടത്തിപ്പ്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നിരുന്നു.
സംഭവത്തിൽ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു. പാറമട ഉടമ റോബിൻസൺ, നടത്തിപ്പുകാരൻ ബെന്നി എന്നിവർക്കെതിരേയാണ് കേസെടുത്തത്. നരഹത്യയ്ക്ക് പുറമേ, അനധികൃതമായി സ്‌ഫോടക വസ്തു കൈവശംവെച്ചതിനുള്ള കുറ്റവും ഇവർക്കെതിരേ ചുമത്തിയിട്ടുണ്ട്

പാറമടയിലെ വാഹനങ്ങളുടെ സ്‌പെയർ പാർട്‌സുകൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലാണ് വെടിമരുന്നും സൂക്ഷിച്ചിരുന്നത്. അപകടത്തിൽ മരിച്ച തൊഴിലാളികളെയും ഇവിടെ പാർപ്പിക്കുകയായിരുന്നു. ഈ കെട്ടിടത്തിൽ വെടിമരുന്ന് സൂക്ഷിക്കാനുള്ള ലൈസൻസ് ഉടമകൾക്ക് നൽകിയിരുന്നില്ല. അപകടസ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള കെട്ടിടത്തിൽ വെടിമരുന്ന് സൂക്ഷിക്കാനാണ് ലൈസൻസ് അനുവദിച്ചിരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പാറമടയുടെ ലൈസൻസ് സംബന്ധിച്ചും ആക്ഷേപമുണ്ട്.

Related Articles

Back to top button