KeralaLatestThiruvananthapuram

ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മെഡിക്കൽ കോളജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും കളക്ടറുടെ കാരണം കാണിക്കൽ നോട്ടിസ്

“Manju”

ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും മലപ്പുറം കളക്ടറുടെ കാരണം കാണിക്കൽ നോട്ടിസ്. 24 മണിക്കൂറിനകം രേഖാമൂലം മറുപടി ലഭിക്കണമെന്നാണ് നോട്ടിസിൽ നിർദേശം. വിഷയത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് നോട്ടിസ്.

പൂർണ ഗർഭിണിയായ യുവതിക്ക് ആദ്യം ചികിത്സ തേടിയ മഞ്ചേരിയിൽ നിന്ന് ചികിത്സ നിഷേധിച്ചതോടെയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ചികിത്സ തേടേണ്ടി വന്നത്. 14 മണിക്കൂറിനൊടുവിലാണ് അതീവ ഗുരുതരാവസ്ഥയിലായ യുവതിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ ലഭ്യമായത്. ചികിത്സ നിഷേധിച്ചതോടൊപ്പം മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുമ്പോഴുള്ള നടപടിക്രമങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് പാലിച്ചിട്ടില്ലെന്നും നോട്ടിസിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
24 മണിക്കൂറിനകം മറുപടി ലഭിച്ചില്ലങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും നോട്ടിസിൽ വ്യക്തമാക്കി. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ മഞ്ചേരി മെഡിക്കൽ കോളജിലെ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ജില്ലാ കളക്ടർ കാരണം ബോധിപ്പിക്കാൻ നോട്ടിസ് നൽകിയത്. വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി ആവർത്തിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവത്തോടെ മരിച്ച നവജാത ശിശുക്കളുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് തന്നെ സംസ്‌കരിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവതിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്.

Related Articles

Back to top button