KeralaKozhikodeLatest

കോവിഡ് 19; കുറ്റ്യാടി വീണ്ടും സങ്കീർണമാകുകയാണ്

“Manju”

കോഴിക്കോട് : കുറ്റ്യാടി വീണ്ടും സങ്കീർണമാകുകയാണ്. തുടർച്ചയായി നടത്തുന്ന എല്ലാ പരിശോധനയിലും പോസിറ്റീവ് രണ്ടക്കസംഖ്യ കടക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണ്. ആളുകളിൽ കോവിഡ്19 മായി ബന്ധപ്പെട്ട് വലിയ തോതിൽ ജാഗ്രതകുറവ്‌ ഉണ്ടാക്കുന്നു. താടിയിലും കഴുത്തിലും മാസ്‌കിട്ട് നടക്കുന്നവരും സമൂഹിക അകലം പാലിക്കാതെ നടക്കുന്നവരും കുറ്റ്യാടിയിലെ സാധാരണ കാഴ്ചയാണ്. കോവിഡിന്റെ പകർച്ച പ്രതിരോധിക്കുന്നതിനായി ആർക്കും മനസ്സിലാകുന്ന നിർദ്ദേശങ്ങൾ ആണ് ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും എല്ലാം കഴിഞ്ഞ ആറ് മാസത്തിൽ അധികമായി നൽകി വരുന്നത്. എന്നാൽ വലിയൊരു വിഭാഗം ആളുകൾ ഇപ്പോഴും നിർദ്ദേശങ്ങളെ കാറ്റിൽ പറത്തി തീർത്തും നിരുത്തരവാദപരമായ രീതിയിൽ ആണ് സമൂഹത്തിൽ ഇടപെടുന്നത് .

ഇതിനോടകം കേരളത്തിൽ ഏകദേശം ഒന്നേമുക്കാൽ ലക്ഷം ആളുകളെ രോഗം ബാധിക്കുകയും എഴുനൂറിനടുത്ത് ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട് .100 പേരെ പരിശോധിക്കുമ്പോൾ പത്തിലധികം ആളുകൾ കോവിഡ് പോസിറ്റീവ് ആകുന്നു എന്നാണ് ഇപ്പോഴത്തെ ഒരു അവസ്ഥ .അതായത് കുറ്റ്യാടി പട്ടണത്തിൽ ഓരോ ദിവസവും വന്നു പോകുന്ന 100 പേരിൽ പത്തോ അതിൽ അധികമോ ആളുകൾ രോഗം ഉള്ളവരാകാൻ സാധ്യത ഉണ്ട് എന്നർത്ഥം . അങ്ങനെ ഉള്ള ആളുകളാണ് താടിയിൽ മാസ്ക് ഇട്ട് മൂക്കിൽ വിരലിട്ട് റോഡിൽ തുപ്പി പീടിക കോലായിൽ സൊറ പറഞ്ഞു വൈകുന്നേരം വീട്ടിൽ പോകുന്നത് .പട്ടണത്തിലേക്ക് വരുന്നവരുടെ എണ്ണം ആയിരങ്ങൾ ആകുമ്പോൾ രോഗസാധ്യത ഉള്ളവരുടെ എണ്ണവും രോഗ പകർച്ച ഉണ്ടാകാനുള്ള സാധ്യതയും ഭീകരമായി കൂടും ഒന്നുകിൽ നിങ്ങൾ അങ്ങാടിയിലെ 10 പേർക്ക് കോവിഡ് കൊടുത്തു എന്ന സമാധാനത്തിൽ വീട്ടിൽ പോകാം അല്ലെങ്കിൽ അങ്ങാടിയിൽ നിന്ന് കിട്ടിയ കോവിഡുമായി വീട്ടിൽ പോകാം .

നിങ്ങളുടെ വീട്ടിൽ വൃദ്ധരായ ആളുകൾ ഉണ്ടാകാം ചെറിയ മക്കൾ ഉണ്ടാകാം ഗർഭിണികളോ ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ എടുക്കുന്നവരോ ഉണ്ടാകാം . നിങ്ങൾ ആരോഗ്യവാനാണെങ്കിൽ ഒരു പക്ഷെ ഒരു രോഗ ലക്ഷണവും നിങ്ങളിൽ ഉണ്ടായി എന്ന് വരില്ല . പൂർണ്ണ ആരോഗ്യവാൻ ആണെങ്കിലും പക്ഷെ വീട്ടിൽ ഇരിക്കുന്നവരുടെ സ്ഥിതി അങ്ങനെ ആകണം എന്നില്ല . പൂർണ്ണ ആരോഗ്യവാനും നോക്കി നിൽക്കെ മരിക്കാൻ ഈ കുഞ്ഞൻ വൈറസ് മതിഅതുകൊണ്ട് മാസ്ക് ഇടേണ്ടത് താടിയിൽ അല്ല ..മൂക്കു പുറത്താക്കി മാസ്ക് ഇടുന്ന വൃത്തികെട്ട കാഴ്ചയാണ്
മൈക് കാണുമ്പോഴും മറ്റൊരാളോട് സംസാരിക്കുമ്പോഴും മാസ്ക് ഇറങ്ങി പോകുന്നത് കോവിഡ് കാലത്ത് സമൂഹത്തോട് ചെയ്യുന്ന ദ്രോഹവും സംസ്കാര ശൂന്യതയും ആണ്.

റോഡിൽ തുപ്പുന്നതും പൊതു ഇടങ്ങളിൽ മൂക്ക് ചീറ്റുന്നതും രോഗം വളരെ വേഗം പടരാൻ കാരണമാകും . വിവാഹം മുതലായ ചടങ്ങുകളിൽ അനുവദിക്കപ്പെട്ടതിലും അധികം ആളുകളെ പങ്കെടുപ്പിക്കുമ്പോൾ …മരണ വീട്ടിലും ആരാധനാലയങ്ങളിലും ഞാൻ പോയില്ലെങ്കിൽ എങ്ങനെ എന്ന് ചിന്തിക്കുമ്പോൾ ഓർക്കുക നിങ്ങൾക്ക് സർക്കാരിനെ പറ്റിക്കാൻ കഴിയും .ഓരോ തവണ നിങ്ങൾ സർക്കാരിനെ പറ്റിക്കുമ്പോഴും ഓർക്കുക കോവിഡ് വൈറസ് നിങ്ങളെ നോക്കി പരിഹസിച്ച് ചിരിക്കുന്നുണ്ട് .കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക .നമുക്കൊരുമിച്ച് ഈ മഹാമാരിയെ അതിജീവിക്കാം.

ഹെൽത്ത് ഇൻസ്‌പെക്ടർ, കുറ്റ്യാടി

Related Articles

Back to top button