KeralaLatest

രവിവർമയെപോലെ കരിക്കട്ടയിൽ തുടക്കം : കെ. എസ് സരോജിനിയെന്ന പേരിൽ ആദ്യ കവിത

“Manju”

രാജാരവിവർമ ചിത്രംവര പഠിച്ചത് കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരിലായിരുന്നെങ്കിൽ അക്കിത്തം ചിത്രമെഴുതിയതും ആദ്യ കവിത കുറിച്ചതും ഹരിമംഗലം ക്ഷേത്രഭിത്തിയിലായിരുന്നു. രണ്ടു പേരുടെയും തൂലിക കരിക്കട്ട.അരയിൽ കറുത്ത ചരടും വെളുത്ത കോണകവും ഉടുത്ത പെണ്ണിന്റെ ചിത്രം കണ്ട്, കുളിക്കാൻ വന്ന പെണ്ണുങ്ങൾ ചിരിച്ചപ്പോൾ സ്വന്തം ചിത്രമാണെന്നു ധരിച്ച് എമ്പ്രാന്തിരിയമ്മ തേങ്ങിക്കരഞ്ഞു. ഇതു കണ്ട് അക്കിത്തത്തു മനയ്‌ക്കൽ അച്യുതനുണ്ണിക്കും സങ്കടം വന്നു. അതോടെ ചിത്രം വരയ്ക്കൽ നിർത്തി.

പിന്നീട് വികൃതിക്കുട്ടികൾ അമ്പലഭിത്തിയിൽ കുത്തിവരച്ചതു കണ്ടപ്പോൾ അതിനെതിരായ രോഷം ആദ്യ കവിതയായി ചുമരിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് ശ്രദ്ധ വാങ്മയ ചിത്രങ്ങളിൽ മാത്രമായി. അനുജൻ അക്കിത്തം നാരായണൻ വരയുടെ ലോകത്ത് വിളങ്ങുകയും ചെയ്തു.

തേഡ് ഫോറത്തിൽ പഠിക്കുന്ന കാലത്ത് കുട്ടിക്കൃഷ്ണമാരാർക്ക് അക്കിത്തം കവിത അയച്ചുകൊടുത്തു. ഒരെണ്ണം പ്രസിദ്ധപ്പെടുത്തിയെങ്കിലും പിന്നീട് അയച്ചതൊന്നും വെളിച്ചം കണ്ടില്ല. അപ്പോഴാണ് ഒരു സുഹൃത്തിന്റെ ഉപദേശം: ‘പെണ്ണുങ്ങളുടെ പേരുവച്ച് അയയ്ക്കൂ. നല്ല പ്രോത്സാഹനം കിട്ടും.’ സംസ്കൃതത്തിൽനിന്ന് ഒരു കവിത തർജമ ചെയ്തു കെ.എസ്. സരോജിനി എന്ന പേരിൽ അക്കിത്തം മാരാർക്കയച്ചു. താനൊരു ദരിദ്ര വിദ്യാർഥിനിയാണെന്നും ദയവായി കവിത പ്രസിദ്ധീകരിക്കണമെന്നുമുള്ള അഭ്യർഥനയും ആമുഖമായുണ്ടായിരുന്നു. സൂത്രം ഫലിച്ചു. കവിത പ്രസിദ്ധീകരിക്കപ്പെട്ടു. കെ.എസ്.സരോജിനി ആരാണെന്നു ശൂലപാണി വാരിയരോടും മറ്റും മാരാർ തിരക്കിയിരുന്നതായി പിന്നീട് അക്കിത്തം അറിഞ്ഞു. സത്യം വെളിപ്പെടുത്തണമെന്നു പലകുറി ചിന്തിച്ചെങ്കിലും അതിനു ധൈര്യം കിട്ടിയില്ല. മാരാരുടെ മരണശേഷമാണ് ഇക്കാര്യം കവി വെളിപ്പെടുത്തിയത്. അക്കിത്തത്തിന്റെ ഇരുപത്തിരണ്ട് ശ്ലോകം വായിച്ച് ഒരു ശ്ലോകത്തിൽ കവിതയുണ്ട് എന്നു പിശുക്കി പ്രശംസിച്ചയാളാണല്ലോ മാരാർ.

അക്കിത്തത്തിന്റെ ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയ കഥ രസകരമാണ്. 1944 ലാണു സംഭവം. പേരൊന്നുമിടാതെ പത്തു കവിതകൾ തുന്നിക്കെട്ടി തൃശൂരിലെ മംഗളോദയം പ്രസിലേക്ക് അയയ്ക്കുകയായിരുന്നു. ഏറെ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല. ഇക്കഥയൊക്കെ മറന്നു യോഗക്ഷേമസഭ വാർഷികത്തിനു തൃശൂരിൽ ചെല്ലുമ്പോൾ ബുക്ക് സ്റ്റാളിൽ ഒരു കവിതാസമാഹാരം. ‘വീരവാദം– അക്കിത്തം അച്യുതൻ നമ്പൂതിരി.’ അമ്പരപ്പോടെ പുസ്തകമെടുത്ത് എട്ടണ വില കൊടുത്തു വാങ്ങി. മംഗളോദയത്തിലുണ്ടായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയാണു പുസ്തകത്തിനു പേരിട്ടതെന്ന് പിന്നീടാണറിഞ്ഞത്.

Related Articles

Back to top button