Uncategorized

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു വിതരണം ഇന്ന്

“Manju”

ന്യൂഡല്‍ഹി: കിസാന്‍ സമ്മാന്‍ നിധിയുടെ പതിമൂന്നാം ഗഡു പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിതരണം ചെയ്യും. എട്ട് കോടിയിലധികം കര്‍ഷകര്‍ക്കാണ് 16800 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 11, 12 ഗഡുകള്‍ കഴിഞ്ഞ വര്‍ഷം മെയ്, ഒക്ടോബര്‍ മാസങ്ങളില്‍ നല്‍കിയിരുന്നു. പുതിയ ഗഡു കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്‌ക്ക് കൂടുതല്‍ സഹായകമാകുമെന്നും കാര്‍ഷിക മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

പദ്ധതിക്ക് അര്‍ഹരായ ഓരോ കര്‍ഷകരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിവര്‍ഷം 6,000 രൂപ വീതം എത്തും. 2,000 രൂപ വീതമുള്ള മൂന്ന് തവണകളായാണ് തുക നല്‍കുന്നത്. കിസാന്‍ പദ്ധതി ആരംഭിച്ചതിനുശേഷം രാജ്യത്തുടനീളമുള്ള 11 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതുവരെ 2.2 ലക്ഷം കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. 2019 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്.

രാജ്യത്തെ സ്വന്തമായി ഭൂമിയുള്ള എല്ലാ കര്‍ഷക കുടുംബങ്ങളും പദ്ധതിക്ക് യോഗ്യരാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 53,600 കോടി രൂപയോളം സ്വീകരിച്ചതില്‍ മൂന്ന് കോടിയിലധികം ഗുണഭോക്താക്കളും സ്ത്രീകളാണ്. പ്രധാനമന്ത്രി കിസാന്‍ പദ്ധതിയിലൂടെ ഗ്രാമീണ സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും, വായ്പാ നിയന്ത്രണങ്ങള്‍ കുറക്കാനും കഴിഞ്ഞു. കൂടാതെ കാര്‍ഷിക നിക്ഷേപം വര്‍ധിപ്പിക്കാനും കിസാന്‍ പദ്ധതിയിലൂടെ സാധിച്ചു.

 

Related Articles

Back to top button