Thrissur

കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കോവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ജില്ലാ ആശുപത്രിയിൽ സുഖപ്രസവം. നവാതിഥിയായ പെൺകുഞ്ഞിനുള്ള ആദ്യ ഉപഹാരമായി ജില്ലാ കലക്ടർ എസ് ഷാനവാസെത്തി തൊട്ടിൽ കൈമാറി. സന്തോഷ സൂചകമായി ആശുപത്രി അധികൃതർ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഒക്ടോബർ 27ന് രാത്രി 11 മണിക്കാണ് 25കാരിയായ ഗർഭിണിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രവേശന സമയത്ത് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവായി. ജില്ലാ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ പ്രസവ വാർഡിൽ ബുധനാഴ്ച രാവിലെ പത്തരയോടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകി.

കോവിഡ് ലക്ഷണങ്ങളൊന്നും യുവതിയിൽ പ്രകടമായിരുന്നില്ല. നവജാത ശിശുവിന് 48 മണിക്കൂറിനു ശേഷം കോവിഡ് പരിശോധന നടത്തുമെന്ന് സൂപ്രണ്ട് ഡോ ടി പി ശ്രീദേവി പറഞ്ഞു. ഇത് സമൂഹത്തിനുള്ള നല്ലൊരു സന്ദേശമാണെന്നും ഏത് പ്രതിസന്ധിയും നേരിടാൻ ആരോഗ്യപ്രവർത്തകർ തയ്യാറാണെന്നതിന്റെ തെളിവാണ് ഇതെന്നും ജില്ലാ കലക്ടർ പറഞ്ഞു. ആശുപത്രി മെഡിക്കൽ ടീമിനെ കലക്ടർ അഭിനന്ദിച്ചു. ഡിഎംഒ ഡോ. കെ ജെ റീന, ഡിപിഎം ഡോ. ടി വി സതീശൻ,ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ടി പി ശ്രീദേവി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ രതി, ഹെഡ് നേഴ്‌സ് റാണി ജേക്കബ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button