KeralaLatest

ഡ്രോണ്‍ സര്‍വേയ്ക്ക് മുമ്പായി ഭൂഉടമകള്‍ അതിരുകള്‍ അടയാളപ്പെടുത്തണം

“Manju”

തൃശൂര്‍: സംസ്ഥാനത്ത് ഡിജിറ്റല്‍ റിസര്‍വേയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കം. കേരളത്തിലെ വില്ലേജുകളില്‍ നിന്നും ഡ്രോണ്‍ സര്‍വേയ്ക്ക് അനുയോജ്യമായ പ്രദേശങ്ങള്‍ കണ്ടെത്തി svamitva പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ബാക്കിയുള്ള ഭൂപ്രദേശങ്ങള്‍ റീബില്‍ഡ് കേരള ഫണ്ട് ഉപയോഗപ്പെടുത്തി കോര്‍സ്-ആര്‍.ടി.കെ, റോബോട്ടിക് ഇ.ടി.എസ് മുതലായ അത്യാധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയും 4 വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ റിസര്‍വേ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് റീസര്‍വേ നടത്തുന്നത്. ആയതിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ആദ്യമായി ചിയ്യാരം വില്ലേജിലാണ് ജനുവരി 28ന് ഡ്രോണ്‍ ഉപയോഗിച്ച്‌ റീസര്‍വേ നടത്തുവാന്‍ തീരുമാനിച്ചിട്ടുള്ളത്. ചിയ്യാരം വില്ലേജില്‍ ഉള്‍പ്പെടുന്ന തൃശൂര്‍ കോര്‍പ്പറേഷനിലെ 22, 23, 25, 31, 32, 33, 34, 35, 42 എന്നീ ഡിവിഷനുകളിലാണ് ഡ്രോണ്‍ സര്‍വെക്ക് അനുയോജ്യമായ പ്രദേശമായി തെരഞ്ഞെടുത്തിട്ടുള്ളത്. വില്ലേജിലെ ബാക്കി പ്രദേശങ്ങള്‍ കോര്‍സ് – ആര്‍ ടി.കെ. ഇ.ടി.എസ് മുതലായ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

ആയതിനാല്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ 22, 23, 25, 31, 32, 33, 34, 35, 42 എന്നീ ഡിവിഷനുകളിലെ ഭൂഉടമകള്‍ സ്വന്തം ഭൂമിയുടെ അതിര്‍ത്തികളില്‍ ഡ്രോണ്‍ സര്‍വ്വേയ്ക്ക് ഉതകുന്ന രീതിയില്‍ അടയാളങ്ങള്‍ സ്ഥാപിക്കേണ്ടതും ആകാശ കാഴ്ചക്ക് തടസം നില്‍ക്കുന്ന മരച്ചില്ലകളും മറ്റും നീക്കി വസ്തുവിന്റെ അതിരുകള്‍ തെളിക്കേണ്ടതും അതിര്‍ത്തി വളവുകളില്‍ ഡ്രോണില്‍ നിന്നും കാണാവുന്ന തരത്തില്‍ മതിലിലോ, ഇഷ്ടിക, സിമന്റ് കട്ട, ചെങ്കല്ല് എന്നിവയിലോ 40 സെ.മീ നീളത്തിലും 10 സെ.മീ. വീതിയിലും കുറയാതെ ഒരു വശത്തേക്ക് മഞ്ഞ നിറത്തിലും മറുവശത്തേയ്ക്ക് ഓറഞ്ച് നിറത്തിലും പെയിന്റ് ഉപയോഗിച്ച്‌ അടയാളപ്പെടുത്തേണ്ടതാണ്.

എല്ലാ ഭൂഉടമകളും ജനുവരി 25-ാം തിയ്യതിക്കകം ഈ കാര്യങ്ങള്‍ വളരെ അടിയന്തിരമായി ചെയ്യേണ്ടതാണെന്നും കൂടാതെ സര്‍വേ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന ഫോറം നമ്പര്‍ 1Aയില്‍ ഭൂഉടമാവകാശം സംബന്ധിച്ച അവകാശ രേഖകളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സര്‍വേ ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കേണ്ടതാണെന്നും തൃശൂര്‍ സര്‍വേ (റെയ്ഞ്ച്) അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി സംബന്ധമായ സേവനങ്ങള്‍ക്കായി പല ഓഫീസുകളില്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാനും ഭൂപരാതികള്‍ ഓണ്‍ലൈനായി കൊടുക്കുവാനും പരിഹരിക്കുവാനും പോക്കുവരവ് നടപടികള്‍ വേഗത്തിലാക്കുവാനും സാധിക്കും.

Related Articles

Back to top button