Thrissur

പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങ്; ഹരിതാർദ്രം പദ്ധതിയുമായി മതിലകം സെന്റ് ജോസഫ്സ് ഹൈസ്‌കൂൾ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കുട്ടികൾ പരിപാലിക്കാത്ത ഒരു കുഞ്ഞ് പച്ചക്കറിത്തോട്ടമെങ്കിലും ഇല്ലാത്ത സ്‌കൂളുകൾ ഇന്ന് അന്യമാണ്. പച്ചക്കറി മാത്രമല്ല, നെല്ലും മീനും ഉൾപ്പെടെയുള്ളവ വിളവെടുത്ത് ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കുന്നവയാണ് ഏറെയും. എന്നാൽ, വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായി പച്ചക്കറിത്തോട്ടം ഒരുക്കി ശ്രദ്ധ നേടുകയാണ് മതിലകം പഞ്ചായത്തിലെ സെന്റ് ജോസഫ്സ് ഹൈസ്കൂൾ. സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ സ്കൂളിലെ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികൾക്കായി ഹരിതാർദ്രം എന്ന പദ്ധതിയൊരുക്കിയാണ് അധികൃതർ മാതൃകയാകുന്നത്.

ശീതകാല പച്ചക്കറി കൃഷിയ്ക്കായി ഒരു ഏക്കറോളം വരുന്ന സ്‌കൂൾ ഗ്രൗണ്ട് ഇതിനായി പ്രയോജനപ്പെടുത്തി. ആദ്യഘട്ടത്തിൽ കാബേജ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളാണ് കൃഷിയിറക്കുന്നത്. ഇതിൽ നിന്ന് കിട്ടുന്ന വരുമാനമാണ് കാരുണ്യപ്രവർത്തനത്തിന് വിനിയോഗിക്കുക. കോവിഡ്–19ന്റെ പശ്ചാത്തലത്തിൽ കുട്ടികൾ ഒഴിവ്
സമയങ്ങൾ ചെലവഴിക്കുന്നത് കൃഷിയിലൂടെയാണ്. കുട്ടികൾ അവരുടെ വീടുകളിൽ കൃഷിചെയ്ത് വിളവെടുപ്പ് ആരംഭിച്ചു. ഈ ആശയത്തിന്റെ ചുവട് പിടിച്ചാണ് ഹരിതാർദ്രം പദ്ധതിയുടെ പിറവി.

പദ്ധതിയുടെ ഉദ്‌ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ പച്ചക്കറി തൈ നട്ട് നിർവ്വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രൻ, പഞ്ചായത്തംഗം ഹസീന റഷീദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി പി ബിന്ദു, കൃഷി ഓഫീസർ ബൈജു ബേബി, സ്കൂൾ മാനേജർ ഫാദർ ജോസഫ് മാളിയേക്കൽ, പ്രധാനാധ്യാപകൻ വി കെ മുജീബ് റഹ്മാൻ, പി ടി എ പ്രസിഡന്റ് ഇ സി ജീവാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button