KeralaLatest

സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച്‌ ബിജെപിയിൽ വീണ്ടും രാജി

“Manju”

തലസ്ഥാനത്ത് ബിജെപി യിൽ രാജി തുടരുന്നു.മഹിളാ മോർച്ച നേമം മണ്ഡലം പ്രസിഡന്റ്‌ ചന്ദ്രകുമാരിയമ്മയുടേതാണ്‌ ഒടുവിലത്തെ രാജി.
പുന്നയ്‌ക്കാമുകൾ വാർഡിലെ സ്ഥാനാർഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിലും മത്സരിക്കാൻ സീറ്റ്‌ നിഷേധിച്ചതിലും പ്രതിഷേധിച്ചാണ്‌ പാർടി അംഗത്വവും മണ്ഡലം പ്രസിഡന്റ്‌ സ്ഥാനവും രാജിവച്ചതെന്ന്‌ ചന്ദ്രകുമാരിയമ്മ പറഞ്ഞു. പുന്നയ്‌ക്കാമുകളിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും ഇവർ വ്യക്തമാക്കി.

2010ൽ പുന്നയ്‌ക്കാമുകളിലെ ബിജെപി സ്ഥാനാർഥിയായി ഇവർ മത്സരിച്ചിട്ടുണ്ട്‌. ഇത്തവണ മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ്‌ നിലവിലെ തിരുമല കൗൺസിലറായിരുന്ന പി വി മഞ്‌ജുവിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്‌.
സ്ഥാനാർഥി നിർണയത്തെ ചൊല്ലി ബിജെപിയിൽ മറ്റിടങ്ങളിലും കലഹം രൂക്ഷമാണ്‌. ബിജെപി വട്ടിയൂർക്കാവ്‌ മണ്ഡലം സെക്രട്ടറി വലിയവിള ബിന്ദു കഴിഞ്ഞ ദിവസമാണ്‌ രാജിവച്ചത്‌. ബിജെപി ജില്ലാകമ്മിറ്റിയംഗം പള്ളിത്താനം രാധാകൃഷ്‌ണനും പാർടി വിട്ടു.പാർട്ടിക്കുള്ളിലെ ഭിന്നതയും സീറ്റിനെ ചൊല്ലിയുള്ള കലഹവും കാരണം സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കഴിയുന്നില്ല . കഴിഞ്ഞ ദിവസം ആക്കുളത്ത്‌ കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ്‌ ബിജെപിയിൽ ചേർന്നിരുന്നു. രണ്ട്‌ ഘട്ടമായാണ്‌ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്‌. ആദ്യം 38 പിന്നീട്‌ 29 പേരെയുമാണ്‌ പ്രഖ്യാപിച്ചത്‌. ശേഷിക്കുന്ന സ്ഥാനാർഥികളെ തിങ്കളാഴ്‌ച തീരുമാനിക്കുമെന്നാണ്‌ നേതൃത്വം പ്രവർത്തകരെ അറിയിച്ചിരുന്നത്‌.

Related Articles

Back to top button