KeralaLatestThiruvananthapuram

ശബരിമല പ്രസാദം ഇനി തപാല്‍ വഴി വീട്ടിലെത്തും

“Manju”

സിന്ധുമോൾ. ആർ

ശബരിമല: കൊവിഡ് നിയന്ത്രണങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ശബരിമല തീര്‍ത്ഥാടനത്തെയാണ്. വിരലിലെണ്ണാവുന്ന ഭക്തര്‍ മാത്രമാണ് മലകയറി അയ്യപ്പനെ തൊഴാന്‍ എത്തുന്നത്. ഇതുകാരണം ഭീമമായ നഷ്‌ടത്തിലാണ് തിരവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. കഴിഞ്ഞമണ്ഡലകാലത്ത് ആദ്യ ദിവസത്തെ നടവരുമാനം 3. 32 കോടിയും രണ്ടാം ദിവസം 3.63 കോടിയുമായിരുന്നു. ഇത്തവണ ഇത് യഥാക്രമം 10 ലക്ഷവും 8 ലക്ഷവുമായി കുറഞ്ഞു.

ഇതില്‍ നിന്നും കരകയറാന്‍ പുതിയവഴി തേടിയിരിക്കുകയാണ് ബോര്‍ഡ്. അരവണയും ആടിയശിഷ്ടം നെയ്യും ഉള്‍പ്പെടെ ശബരിമലയിലെ പ്രസാദങ്ങള്‍ ആവശ്യക്കാര്‍ക്ക് വീട്ടിലെത്തിച്ചു നല്‍കാന്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് ദേവസ്വം ബോര്‍ഡ് ധാരണയായിട്ടുണ്ട്. ഇതുപ്രകാരം രാജ്യത്തെവിടെയും ശബരിമല പ്രസാദം ഭക്തര്‍ക്ക് ലഭ്യമാകും. കിറ്റ് ഒന്നിന് 450 രൂപയാണ് ഈടാക്കുക.

ഒരു ടിന്‍ അരവണ, ഭസ്‌മം, ആടിയ ശിഷ്ടം നെയ്യ്, കുങ്കുമം, മഞ്ഞള്‍പൊടി, അര്‍ച്ചന പ്രസാദം എന്നിവയാണ് ഓരോ കിറ്റിലും ഉണ്ടാവുക. 250 രൂപ ദേവസ്വം ബോര്‍ഡിനും 200 രൂപ തപാല്‍ വകുപ്പിനുമാണ് ലഭിക്കുക. പോസ്റ്റ് ഓഫീസ് വഴി എത്തിച്ചു നല്‍കുന്നതിനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കിറ്റില്‍നിന്നു അപ്പം ഒഴിവാക്കിയതെന്ന് പറയുന്നു.

വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ഭക്തര്‍ക്ക് പ്രസാദം ബുക്ക് ചെയ്യാം. പണം അടച്ചു മൂന്ന് ദിവസത്തിനകം പ്രസാദം വീട്ടിലെത്തുമെന്ന് അധികൃതര്‍ പറയുന്നു. എത്ര കിറ്റ് വേണമെങ്കിലും ലഭിക്കും. ഇതുവരെ 5000ത്തോളം ഓര്‍ഡര്‍ ലഭിച്ചതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. സന്നിധാനത്ത് ഉള്ള അപ്പം, അരവണ കൗണ്ടറുകളില്‍ നിന്നും ആവശ്യത്തിന് പ്രസാദം വാങ്ങാം.

Related Articles

Back to top button