IndiaLatest

ഗോശാലകളുടെ സംരക്ഷണം ഇനി തടവുകാർക്ക്

“Manju”

ലക്നൗ • ഉത്തർപ്രദേശിലെ എ‌ട്ടു ജില്ലകളിൽ ഗോശാലകളുടെ സംരക്ഷണം ഇനി തടവുകാർക്ക്. പരീക്ഷണാടിസ്ഥാനത്തിലാണ് എട്ടു ജില്ലകളിൽ ആദ്യം നടപ്പാക്കുന്നതെന്നും പിന്നാലെ സംസ്ഥാനത്തുടനീളം ഇതു വ്യാപിപ്പിക്കുമെന്നും ജയിലുകളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ അനന്ദ് കുമാർ അറിയിച്ചു. സ്വയംപര്യാപ്തത നേടാനും പ്രയോജനപ്രദമായ കാര്യങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കുന്നതിനും ഇതു സഹായിക്കുമെന്ന് അനന്ദ് കുമാർ അറിയിച്ചു.

സീതാപൂർ, ലക്കിംപുർ ഖേരി, ഷാജഹാന്‍പൂര്‍, ഒറായ്, ബരബങ്കി, ലളിത്പുർ, വാരാണസി, ഫറൂഖാബാദ് എന്നീ ജില്ലകളിലെ തടവുകാരോടാണ് അതാത് ജില്ലകളിലെ ഗോശാലകളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. തടവുകാരുടെ സേവനത്തിന് അവർക്ക് പ്രതിഫലം നൽകും.

ഗോശാലകളിലേക്ക് തടവുകാരെ എത്തിക്കുന്നതിനും മടക്കികൊണ്ടു പോകുന്നതിനും പൊലീസിനെയും ജയിൽ അധികൃതരെയും ചുമതലപ്പെടുത്തി. ജയിലിൽ നല്ല പെരുമാറ്റം കാഴ്ച വയ്ക്കുന്നവർക്കും മൃഗങ്ങളെ പരിപാലിക്കാൻ താൽപര്യമുള്ളവർക്കുമാണ് മുൻഗണന നൽകിയത്. ഗോശാലകൾ തിരഞ്ഞെടുക്കുന്നതിന് അതാത് ജില്ലകളിലെ സർക്കാർ തലത്തിലുള്ള ഗോശാലകളുടെ സർവെ നടത്താൻ ജയിൽ സുപ്രണ്ടുമാരോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ സംസ്ഥാനത്തെ അ‍ഞ്ച് സെൻട്രൽ ജയിലുകളിലും ആറു ജില്ലാ ജയിലുകളിലും ഗോശാലകളുണ്ട്.

Related Articles

Back to top button