IndiaLatest

മൂന്നാംഡോസ് വാക്‌സിൻ പരിഗണനയിൽ

“Manju”

ന്യൂഡൽഹി : ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ, പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിന്റെ മൂന്നാം ഡോസ് നൽകുന്നകാര്യം പരിഗണനയിൽ. പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കും. അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ആരോഗ്യമന്ത്രാലയമാണ്. കോവിഡ് മൂലം മരിച്ചവരിൽ കൂടുതലും വാക്സിൻ എടുക്കാത്തവരാണ്. വൈറസിന്റെ വകഭേദത്തെ പ്രതിരോധിക്കാൻ ബൂസ്റ്റർ ഡോസിന് സാധിക്കുമെന്നാണ് കരുതുന്നത്. രോഗത്തിന്റെ തീവ്രതയും മരണവും തടയുന്നതിന് ബൂസ്റ്റർ ഡോസ് സഹായകരമാവും.

രണ്ടു ഡോസുകളിലൂടെ ലഭിച്ച പ്രതിരോധശേഷി ഏതാനും മാസങ്ങൾ പിന്നിടുമ്പോൾ കുറഞ്ഞുവരും. മറ്റുരോഗങ്ങൾ ഉള്ളവരിലും പ്രായമേറിയവരിലുമാണ് പ്രതിരോധശേഷി വേഗം കുറയുന്നത്. ഈ പശ്ചാത്തലത്തിലാണ് ബൂസ്റ്റർ ഡോസ് അനിവാര്യമാകുന്നത്. ഒമിക്രോണിനെ നേരിടാൻ മൂന്നാംഡോസ് നൽകണമെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ഡിസംബർ ഏഴിന് ഇതുമായി ബന്ധപ്പെട്ട് ഡബ്ല്യു.എച്ച്.ഒ.യുടെ ഉപദേശകസമിതി യോഗം ചേരുന്നുണ്ട്.

അതേസമയം, ചില രാജ്യങ്ങൾ ഇതിനകംതന്നെ ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി. ഇസ്രയേലാണ് ഇക്കാര്യത്തിൽ ഏറ്റവും മുന്നിൽ. പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള അന്തിമതീരുമാനവും കേന്ദ്രം ഉടനെ എടുത്തേക്കും. കുട്ടികൾക്ക് വാക്സിൻ നൽകാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും എന്നു തുടങ്ങണമെന്ന് തീരുമാനിച്ചിട്ടില്ല. രോഗമുള്ള കുട്ടികൾക്കും പ്രതിരോധശേഷി കുറഞ്ഞവർക്കുമാണ് മുൻഗണന നൽകുക.

Related Articles

Back to top button