സിന്ധുമോള്‍ ആര്
ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് ആരംഭിച്ച ബോയ്ക്കോട്ട് ചൈന കാമ്പയിനിനെ പിന്തുണച്ച് ഗായകന് നജീം അര്‍ഷാദ്. തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്താണ് നജീം അര്‍ഷാദ് ചൈനക്കെതിരായ പ്രതിഷേധം പ്രകടിപ്പിച്ചത്. ‘നമ്മുടെ സൈന്യത്തിനോട് ചെയ്യാന്‍ പറ്റുന്നത് എന്തായാലും ചെയ്യണം. വീട്ടിലിരുന്ന് എനിക്കിപ്പോള്‍ ഇതേ ചെയ്യാന്‍ സാധിക്കുകയുള്ളു. നിങ്ങള്‍ ചെയ്യൂ. നമ്മുടെ ഇന്ത്യന്‍ സൈനികര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ’; നജീം അര്‍ഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.
ബൈറ്റ് ഡാന്‍സ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക് . ചൈനാ ബന്ധത്തിന്റെ പേരില്‍ ആഗോള തലത്തില്‍ സംശയമുനയില്‍ നില്ക്കുന്ന ടിക് ടോക് ആപ്ലിക്കേഷന്‍, ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ടിക് ടോക്കിന്റെ ആഗോള ഉപയോക്താക്കളില്‍ ഏറ്റവും അധികം പേര് ഇന്ത്യയില്‍ നിന്നുള്ളവരാണ്. നജീമിന്റെ തീരുമാനത്തെ അനുകൂലിച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് ഫേസ്ബുക്കില്‍ വരുന്നത്.ജൂണ്‍ 15ന് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതോടെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന കാമ്പയിന് രാജ്യത്ത് ശക്തമായത്. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ചൈനീസ് കമ്പനികളുടെ ടെലിവിഷനും മൊബൈല്‍ ഫോണുമെല്ലാം എറിഞ്ഞുപൊട്ടിച്ചു പ്രതിഷേധിച്ചിരുന്നു.