LatestThiruvananthapuram

മുംബൈ മലയാളിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്

“Manju”

മുംബൈ മലയാളിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്. 45 കിലോമീറ്റര്‍ വീതം തുടര്‍ച്ചയായി 61 ദിവസം കൊണ്ടാണ് 28 കാരനായ വിശാഖ് ഗിന്നസ് ബുക്കിലേക്ക് ഓടിക്കയറിയത്. ആരുടെയും പിന്തുണയില്ലാതെ സ്വന്തം പരിശ്രമത്തിലാണ് വിശാഖ് കൃഷ്ണസ്വാമി പിള്ള ലോക റെക്കോര്‍ഡ് തന്റെ പേരിനോടൊപ്പം ചേര്‍ത്ത് വയ്ക്കുന്നത്.

ഡോംബിവിലി ഈസ്റ്റിലെ സ്റ്റാര്‍ കോളനിയില്‍ താമസക്കാരനായ വിശാഖ് പിള്ള തിരുവനന്തപുരം പേട്ട സ്വദേശി പരേതനായ കൃഷ്ണസ്വാമി പിള്ളയുടെയും വിജയലക്ഷ്മിയുടെയും രണ്ടുമക്കളില്‍ ഇളയവനാണ്. ഏഴു വര്‍ഷം മുന്‍പ് തുടങ്ങിയ ഓട്ടമാണ് വിശാഖിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നത്. ഡോംബിവിലിയിലെ മഹാരാജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ജോഗിങ് ട്രാക്കില്‍ സെപ്റ്റംബര്‍ ഒന്നു മുതലാണ് വിശാഖ് ഓടാന്‍ തുടങ്ങിയത്. ഇതിനുമുമ്പ് 60 ദിവസം ഓടിയ പുണെ സ്വദേശിയുടെ റെക്കോഡാണ് വിശാഖ് പിള്ള തകര്‍ത്തത്.

പ്രത്യേക പരിശീലകരില്ലാതെയാണ് വിശാഖ് സ്വന്തം പരിശ്രമത്തില്‍ ലോക റെക്കോര്‍ഡ് തന്റെ പേരിനോടൊപ്പം ചേര്‍ത്ത് വയ്ക്കുന്നത്. ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തന്റെ ഓട്ടത്തിന്റെ കണക്ക് അടയാളപ്പെടുത്തുകയും ചെയ്തു. തെളിവിനായി ദൃക്സാക്ഷിയുമുണ്ടായിരുന്നു. വെളുപ്പിന് നാല് മണി മുതല്‍ ദിവസേന അഞ്ചു മണിക്കൂറിലധികമാണ് വിശാഖ് പരിശീലനം നടത്തുന്നത്. ഭക്ഷണക്രമങ്ങളും മറ്റും പാലിക്കുവാന്‍ വേണ്ടി വരുന്ന അധിക ചിലവെല്ലാം സ്വയം വഹിച്ചാണ് ഈ മലയാളി യുവാവ് ചരിത്രത്തില്‍ ഇടം നേടിയത്.

ചരിത്ര താളുകളിലേക്ക് ഓടിക്കയറാനുള്ള മോഹങ്ങള്‍ ഇനിയും ബാക്കിയുണ്ട്. തന്റെ മൂന്ന് അപേക്ഷകള്‍ക്ക് കൂടി ഗിന്നസ് റെക്കോര്‍ഡിനായി അനുമതി ലഭിച്ചിട്ടുണ്ടെന്ന് വിശാഖ് പറഞ്ഞു. ദിവസേന 21 കിലോമീറ്റര്‍ വീതം തുടര്‍ച്ചയായി 500 ദിവസം ഓടുവാനുള്ള തയ്യാറെടുപ്പിലാണ് വിശാഖ്. എന്നാല്‍ വീട്ടിലെ ഏക ആശ്രയമായ വിശാഖിന് ഇതിനായി വരുന്ന ഭാരിച്ച ചിലവുകള്‍ മറികടക്കാനാകുമോയെന്നതാണ് വലിയ കടമ്പയായി അവശേഷിക്കുന്നത്..

Related Articles

Back to top button