IndiaLatest

ഐസിനു നയൻതാരയുടെ സർപ്രൈസ് ഗിഫ്റ്റ്

“Manju”

ലേഡി സൂപ്പർസ്റ്റാർ നയൻതാര നൽകിയ സർപ്രൈസ് ഗിഫ്റ്റിന്റെ ത്രില്ലിലാണ് ഐസിൻ ഹാഷ്. ഐസിനു, ഏറെ ഇഷ്ട്ടമുള്ള സൂപ്പർ ഹീറോ കഥാപാത്രങ്ങളുടെ കളിപ്പാട്ടങ്ങളും വിലകൂടിയ ചോക്ക്ലേറ്റുകളുമാണ് നടി സമ്മാനമായി നൽകിയത്. തെന്നിന്ത്യൻ സുന്ദരി നയൻതാരയുടെ മനസുകീഴടക്കിയ ഐസിൻ എന്ന കുട്ടിത്താരം ചില്ലറക്കാരനല്ല. ദുബായിലെ രാജ്യാന്തര പരസ്യമോഡലാണ് മലയാളിയായ ഐസിൻ ഹാഷ്.

കുഞ്ചാക്കോ ബോബൻ–നയൻതാര എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്ന നിഴൽ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേയ്ക്ക് ചുവടുവയ്ക്കുകയാണ് ഈ കൊച്ചുമിടുക്കൻ. അറുപതിലേറെ ഇംഗ്ലിഷ് അറബിക് പരസ്യങ്ങളിൽ അഭിനയിക്കുകയും മോഡലാകുകയും ചെയ്ത ഐസിൻ ഹാഷ് ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് നിഴൽ. അപ്പു ഭട്ടതിരിയാണ് സംവിധാനം.

നയൻതാരയിൽ നിന്നും ഇങ്ങനെയൊരു സമ്മാനം ഐസിൻ പ്രതീക്ഷിച്ചിരുന്നില്ല. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ താരത്തിന്റെ മനസ്സ് കീഴടക്കിയ ഐസിന്റെ, ഏറെ ഇഷ്ട്ടമുള്ള സൂപ്പർ ഹീറോ കഥാപാത്രങ്ങളുടെ കളിപ്പാട്ടങ്ങളും വിലകൂടിയ ചോക്ക്ലേറ്റുകളുമാണ് നയൻ‌താര സമ്മാനമായി നൽകിയത്. നിഴൽ സിനിമയ്ക്കുവേണ്ടി അനുവദിച്ച ദിവസങ്ങൾക്കുള്ളിൽ അവരുടെ ഭാഗം ചിത്രീകരണം പൂർത്തീകരിച്ച്, ചെന്നൈയിലേക്ക് തിരിച്ചുപോകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലും കൂടിയായിരുന്നു നയൻതാര.

സിനിമയിലെ അവസാന രംഗവും അഭിനയിച്ചുകഴിഞ്ഞു തിരിച്ചുപ്പോകുമ്പോൾ, നയൻതാരയ്ക്ക് ഐസിനും നൽകി ഗംഭീര സർപ്രൈസ്. രണ്ടുപേരും ഒരുമിച്ചുള്ള ഒരു ഡിജിറ്റൽ പെയിന്റിങാണ് നയൻതാരക്ക് പിറന്നനാൾ സമ്മാനമായി നൽകിയത്. താരം ചെന്നൈയിൽ തിരിച്ചെത്തിയ ഉടനെ ഐസിനെ ഫോണിൽ വിളിച്ചു സന്തോഷം അറിയിയിക്കുകയും ചെയ്തു. ചെന്നൈയിലെ അവരുടെ വസതിയിലെ ലിവിങ് റൂമിൽ ഫ്രെയിം ചെയ്ത ഈ പെയിന്റിങ് സൂക്ഷിക്കുമെന്നും അവർ ഐസിനോട് പറഞ്ഞു.

ഇതിനു മുൻപ് ചില സിനിമകളിൽ അഭിനയിക്കാൻ ഐസിനു വിളി വന്നെങ്കിലും, പല കാരണങ്ങൾകൊണ്ടും നടക്കാതെപോയി. പിതാവിന്റെ സുഹൃത്തുവഴിയാണ് നിഴൽ സിനിമയുടെ സഹ സംവിധായകൻ സന്ദീപ് ബന്ധപ്പെടുന്നതും ദുബായിവെച്ച് സൂം കോൾ വഴി ഓഡിഷനിൽ പങ്കെടുക്കുന്നതും. ഈ സിനിമയിലെ കഥാപാത്രത്തിനാവശ്യമായ എല്ലാ സംഗതികളും ഒത്തുവന്നപ്പോൾ കോവിഡ് കാലത്തെ വിമാനയാത്ര ആയിരുന്നു ഒരു പ്രധാനവെല്ലുവിളി. എങ്കിലും അവസാന നിമിഷം ഓഡിഷൻ ചെയ്ത നൂറുകണക്കിന് കുട്ടികളിൽനിന്നും ഐസിനെ തിരഞ്ഞെടുക്കുകയായിരുന്നു.

നിരവധി ഹോളിവുഡ് സംവിധായകർക്കും,സാങ്കേതിക വിദഗ്ധർക്കുമൊപ്പം വർക്ക് ചെയ്ത ഐസിനു മലയാള സിനിമ അഭിനയം ഏറെ പുതുമയുള്ളതുതന്നെയാണ്. മലയാളം സംസാരിക്കാൻ ഏറെ ഇഷ്ട്ടപെടുന്ന ഐസിൻ വീട്ടുകാരോട് പെരുമാറുന്നതുപോലെയാണ് ഷൂട്ടിങ് സെറ്റിലും. ഷൂട്ടിങ് ഇടവേളകളിൽ ചാക്കോച്ചനും മറ്റു താരങ്ങൾക്കും അണിയറപ്രവർത്തകർക്കുമൊപ്പം കുസൃതിയും തമാശകളും പിണക്കവും എല്ലാം ഉണ്ടെങ്കിലും അഭിനയത്തിന്റെയും സമയനിഷ്ഠതയുടെയും കാര്യത്തിൽ തികച്ചും പ്രഫഷനലാണ്. അതുപോലെ ഐസിന്റെ ഇഷ്ട്ട വിഭവങ്ങളായ നാടൻ ചോറും, മോരും, ചിക്കൻ ഫ്രൈയും, പപ്പടവും പായസവും ഷൂട്ടിഗങ് സെറ്റിൽ ലഭിക്കുന്നത്കൊണ്ട് കുട്ടിത്താരം ഡബിൾ ഹാപ്പിയാണ്.

ഓരോ മാസവും ലക്ഷങ്ങൾ വരുമാനമുള്ള ദുബായിലെ തിരക്കുള്ള പരസ്യമോഡലാണ് ഈ കുട്ടിത്താരം. അതുകൊണ്ടുതന്നെ ഈ സിനിമയിൽ അഭിനയിക്കാൻ ഏറ്റവും മികച്ച പ്രതിഫലമാണ് നിർമാതാക്കൾ നൽകുന്നത്.

അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലെ ഗ്രേഡ് 2 വിദ്യാർത്ഥിയാണ് ഐസിൻ. ഇപ്പോൾ ഓൺലൈൻ പഠനമായതുകൊണ്ട് എവിടെയിരുന്നും ക്‌ളാസ്സിൽ ജോയിൻ ചെയ്യാമെന്നുള്ള ഒരു പ്രത്യേകതയുണ്ട്, അതുകൊണ്ടുതന്നെ ക്‌ളാസ്സുകൾ അധികം നഷ്ടപ്പെട്ടിട്ടില്ല. സിനിമ ഷൂട്ടിങ്ങിനിടക്ക് നടന്ന പല പരീക്ഷകളും സെറ്റിൽ വച്ചാണ് എഴുതിയത്. ഒരു പക്ഷേ കാരവാനിലിരുന്നും, ഓടിക്കൊണ്ടിരിക്കുന്ന കാറിലിരുന്നും, ഷോപ്പിങ് മാളിലിരുന്നും പരീക്ഷ എഴുതിയ ഒരേഒരു കുട്ടി ഐസിനായിരിക്കും. അതിരപ്പള്ളിയിലെ ഒരു കാട്ടിൽ ഷൂട്ടിങ് നടക്കുമ്പോൾ പാറപ്പുറത്തിരുന്നു പരീക്ഷ എഴുതാൻ ശ്രമിച്ചെങ്കിലും നെറ്റ്‌വർക്ക് കവറേജ് പ്രശ്നം കാരണം പരീക്ഷ എഴുതാൻ സാധിക്കാത്തതിന്റെ സങ്കടവും ഐസിനുണ്ട്.

ദുബായിൽ താമസമാക്കിയ മലപ്പുറം നിലമ്പൂർ മൂത്തേടം സ്വദേശി ഹാഷ് ജവാദിന്റെയും, കോഴിക്കോട് നല്ലളം സ്വദേശി ലുല്ലു ഹാഷിന്റെയും മകനാണ് ഐസിൻ. ഏക സഹോദരി രണ്ടര വയസ്സുകാരിയായ ഹവാസിൻ ഹാഷും, പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

കിൻഡർ ജോയ്, നിഡോ, വാർണർ ബ്രോസ്, ലൈഫ്ബോയ് തുടങ്ങിയ അന്താരാഷ്‌ട്ര ബ്രാൻഡുകളുടെ പരസ്യങ്ങളിൽ അഭിനയിച്ച ഐസിൻ, അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനാണ്. ദുബൈ, അബുദാബി, ഗവണ്മെന്റുകളുടെ ടൂറിസമടക്കമുള്ള വിഭാഗങ്ങളുടെ നിരവധി പരസ്യ ക്യാംപെയ്നുകളിലും ഐസിൻ ഒരു സ്ഥിരസാന്നിധ്യമാണ്. ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്റെയും ലിവർപൂളിന്റെയും നായകനായിരുന്ന ഫുട്ബാൾ ഇതിഹാസം സ്റ്റീവൻ ജെറാർഡിനെ ആറാമത്തെ വയസ്സിൽ ഇന്റർവ്യൂ ചെയ്ത്, രാജ്യാന്തര തലത്തിലും ഐസിൻ ശ്രദ്ധനേടിയിട്ടുണ്ട്.

Related Articles

Back to top button