IndiaLatest

കൊവിഡ് പ്രതിസന്ധി കേന്ദ്രം പ്രഖ്യാപിച്ചത് 20 ലക്ഷം കോടിയുടെ പാക്കേജ്; വിതരണം ചെയ്തത് പത്ത് ശതമാനത്തില്‍ താഴെ

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹിരിക്കാനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജില്‍നിന്ന് പത്ത് ശതമാനം പോലും വിതരണം ചെയ്തിട്ടില്ലെന്ന് വിവരാവകാശ രേഖ. പൂനൈ സ്വദേശിയായ വ്യവസായി പ്രഫുല്‍ സര്‍ദ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടിയായാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. ഇതുവരെ പാക്കേജില്‍ നിന്ന് എത്ര തുക ചെലവാക്കിയെന്നും സംസ്ഥാനങ്ങള്‍ക്ക് എത്ര നല്‍കിയെന്നും പാക്കേജില്‍ എത്ര തുക ബാക്കിയുണ്ടെന്നുമായിരുന്നു വിവരാവകാശ പ്രകാരമുള്ള ചോദ്യം.

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി അടിയന്തര വായ്പാ സംവിധാനം ഏര്‍പ്പെടുത്തിയെന്നും ഒക്ടോബര്‍ 31 വരെ മൂന്നു ലക്ഷം കോടി രൂപ ഇസിഎല്‍ജിഎസ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചെന്നും മന്ത്രാലയം അറിയിച്ചു. വിവിധ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ നിന്ന് 1.20 ലക്ഷം കോടി രൂപയാണ് വിതരണം ചെയ്തത്. അതായത് രാജ്യത്തെ 130 കോടിയിലധികം ആളുകള്‍ക്ക് ഒരാള്‍ക്ക് എട്ട് രൂപ എന്ന നിലയിലാണ് വായ്പയായി അനുവദിച്ചിരിക്കുന്നത്.

പദ്ധതി പ്രഖ്യാപിച്ച്‌ എട്ട് മാസം പിന്നിടുമ്പോഴും ആകെ മൂന്ന് ലക്ഷം കോടി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂ. ബാക്കി 17 ലക്ഷം കോടി രൂപ എവിടെയെന്ന ചോദ്യം അവശേഷിക്കുകയാണ്. ഇസിഎല്‍ജിഎസ് വഴി ഏറ്റവുമധികം തുക വായ്പയെടുത്തിരിക്കുന്നത് മഹാരാഷ്ട്രയാണ്. 14,364.30 കോടി രൂപയാണ് മഹാരാഷ്ട്ര വായ്പയെടുത്തിരിക്കുന്നത്. രണ്ടാം സ്ഥാനം തമിഴ്നാടിനാണ്. 12,445.48 കോടി രൂപയാണ് തമിഴ്നാട് വായ്പയെടുത്തിരിക്കുന്നത്. ഗുജറാത്ത് 12,005.92 കോടി രൂപയും വായ്പ എടുത്തിട്ടുണ്ട്. ഉത്തര്‍പ്രദേശ് 8,907.38 കോടിയും രാജസ്ഥാന്‍ 7,490.01 കോടി രൂപയും കര്‍ണാടക 7,249.99 കോടിയും വായ്പയെടുത്തു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി മാസങ്ങള്‍ പിന്നിടുമ്പോഴും കോടിക്കണക്കിന് ആളുകള്‍ പ്രതിസന്ധിയിലായിരിക്കെയാണ് പ്രഖ്യാപിച്ച പദ്ധതിയില്‍നിന്നുപോലും കേന്ദ്രം പണം നല്‍കാതിരിക്കുന്നത്.

Related Articles

Back to top button