ന്യൂഡൽഹി: പുതിയ പാർട്ടി മേധാവിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ കോൺഗ്രസ് ഉടൻ ആരംഭിക്കുമെന്നും രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റായി മടങ്ങിവരണമെന്ന് 99.9 ശതമാനം നേതാക്കൾ ആഗ്രഹിക്കുന്നുവെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല. ശനിയാഴ്ച മുതൽ സോണിയ ഗാന്ധി മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 10 ദിവസത്തോളം കൂടിക്കാഴ്ച നീളുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ ഇലക്ട്രൽ കോളേജ്, എ.ഐ.സി.സി. അംഗങ്ങളും, കോൺഗ്രസ് പ്രവർത്തകരും അംഗങ്ങളും ചേർന്ന് ഉചിതനായ വ്യക്തിയെ തിരഞ്ഞെടുക്കും.ഞാനുൾപ്പടെ 99.9 ശതമാനം നേതാക്കളും രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റ് ആകണമെന്നാണ് ആഗ്രഹിക്കുന്നത്.’ സുർജേവാല പറഞ്ഞു.
എന്നാൽ പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ ഗാന്ധി. 2017 ൽ സോണിയ ഗാന്ധിയിൽ നിന്ന് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത രാഹുൽ ഗാന്ധി, പാർട്ടിയുടെ ദേശീയ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കഴിഞ്ഞ വർഷം രാജിവച്ചിരുന്നു.