IndiaInternationalLatest

ഇന്ത്യന്‍ ഉത്പന്നങ്ങളെ തകര്‍ക്കാന്‍ പാകിസ്താന്‍ ശ്രമം; നെഗറ്റീവ് ക്യാംപെയ്നുമായി എന്‍ജിഒകള്‍

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉത്പന്നങ്ങളെ തകര്‍ക്കാന്‍ പാകിസ്താന്‍ ഫണ്ട് ചെയ്യുന്ന ചില എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നതായി മന്ത്രിമാരുടെ സമിതിയുടെ ആരോപണം. ഇന്ത്യയുടെ കയറ്റുമതി രംഗത്തെ ഉത്തേജിപ്പിക്കാനുളള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച മന്ത്രിമാരുടെ സമിതിയുടേതാണ് കണ്ടെത്തല്‍. ഇന്ത്യയിലെ വസ്ത്ര വ്യാപാര രംഗത്ത് ബാലവേല നടക്കുന്നുണ്ടെന്ന് ചില ഗ്രൂപ്പുകള്‍ പ്രചാരണം നടത്തുന്നതായി മന്ത്രിമാരുടെ സമിതി പറയുന്നു.

കേന്ദ്ര കല്‍ക്കരി, ഖനി, പാര്‍ലമെന്ററികാര്യ മന്ത്രിയായ പ്രഹ്ളാദ് ജോഷി അധ്യക്ഷനായ സിമിതിയാണ് ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയുടെ കയറ്റുമതി രംഗത്തെ തകര്‍ക്കുക എന്നതാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യം. ഇത്തരത്തിലുളള നെഗറ്റീവ് ക്യാംപെയ്നുകളെ മറികടക്കാനും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കാനുമുളള വഴികള്‍ കണ്ടെത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ചില വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന പ്രചാരണങ്ങളെ മറകടക്കുന്നത് സംബന്ധിച്ച്‌ സമിതി ചര്‍ച്ച നടത്തിയിട്ടുണ്ട്. പാകിസ്താന്‍ പണം നല്‍കി സഹായിക്കുന്ന ചില എന്‍ജിഒകള്‍ ആണ് നെഗറ്റീവ് പ്രചാരണം നടത്തുന്നത് എന്ന് ടെക്സറ്റൈല്‍ വകുപ്പ് ചൂണ്ടിക്കാട്ടിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളും ചൈനയുമടക്കം കേന്ദ്രീകരിച്ചാണ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുളള പ്രചാരണം ഇക്കൂട്ടര്‍ നടത്തുന്നത്. ഇന്ത്യയില്‍ ബാലവേലയടക്കമുളളവ ഉണ്ടെന്നുളള പ്രചാരണം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്നും രാജ്യങ്ങളെ പിന്നോട്ടടിക്കും എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജയ് കുമാര്‍ സിംഗ്, അനുരാഗ് താക്കൂര്‍, രാമേശ്വര്‍ തേലി എന്നിവരാണ് മന്ത്രിതല സമിതിയിലെ അംഗങ്ങള്‍. കൊവിഡ് ബാധിച്ച്‌ മരണപ്പെട്ട കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗാഡിയും മന്ത്രിതല സമിതിയിലെ അംഗമാണ്. ആഗസ്റ്റ് 26ന് മന്ത്രിതല സമിതി വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയെ കയറ്റുമതി ഹബ്ബാക്കി മാറ്റാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറക്കാനുമുളള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഒക്ടോബറിലാണ് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്.

Related Articles

Back to top button