Kerala

ഒരൊറ്റ ചോദ്യം മാത്രമേ അവശേഷിക്കുന്നുള്ളു…. ജീവിക്കണോ??അതോ മരിക്കണോ??? 

“Manju”

പ്രജീഷ് വള്ള്യായി

ഈ ലോകയുദ്ധത്തിൽ എങ്ങനെ പൊരുതി ജയിക്കാം.??.. സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്ക്, സാമൂഹ്യ അകലം, അവബോധം .. ആയുധങ്ങൾ ഇത്രയേ വേണ്ടൂ…. പോരാട്ടത്തിന്റെ ചെറിയൊരു ഘട്ടത്തിൽ മാത്രമേ നമ്മളെത്തിയിട്ടുള്ളു… വിഭാഗീയതകൾ എല്ലാം മറന്ന് പാരസ്പര്യത്തോടെ ചേർന്നു നിൽക്കാതെ പരസ്പരം പോരടിക്കാനും ചളി വാരിയെറിയാനും ഇനിയും മിനക്കെട്ടാൽ…. ശത്രുവിനെ നമ്മൾ കാണാതാകും…. പതിനായിരങ്ങൾ ജീവനും ജീവിതവും ബലിയർപ്പിച്ച് സ്വാതന്ത്ര്യം നേടിയ മഹത്തായ ഒരു ദേശത്തിന്റെ മക്കളാണ് നമ്മൾ….

ഉടുതുണിക്ക് മറുതുണിയില്ലാത്ത ആ വറുതിയുടെ കാലത്ത് സ്വാതന്ത്ര്യം എന്ന സ്വപ്നത്തിനു വേണ്ടി പോരടിച്ച ധീര ദേശാഭിമാനികൾ അനുഭവിച്ച ത്യാഗത്തിന്റ നൂറിലൊരംശം വേണ്ട കോവിഡ് യൂദ്ധം ജയിക്കാൻ…… മനുഷ്യന്റെ അടിസ്ഥാന ആവശ്യമായ ഭക്ഷണ സ്വരൂപണം മാത്രമേ നമ്മളിപ്പോൾ മുഖവിലക്കെടുക്കേണ്ടതുള്ളൂ ….

എല്ലാ വേഷങ്ങളും കെട്ടിയാടിയത് ഉദരനിമിത്തം തന്നെയായിരുന്നു… ഉദരത്തിൽനിന്നും അതിഭോഗഭൗതികതയിലേക്ക് കുതിച്ചു പാഞ്ഞ മനുഷ്യനെ കൊറോണ വീണ്ടും ഉദരത്തിലേക്ക് തിരിച്ചിറക്കി കൊണ്ടു വന്നു.മനുഷ്യൻ വീണ്ടും പ്രാകൃതനായി…. അന്നത്തിനു വേണ്ടി മാത്രം പുറത്തിറങ്ങുന്നവർ….. പ്രാകൃതർ…… 20 പേർ മാത്രം പങ്കെടുക്കുന്ന കല്യാണങ്ങളിലൂടെ അവർ നിവർന്നു നിൽക്കുന്ന കടക്കാരല്ലാത്ത ഭർത്താക്കന്മാരായി….. ദീർഘദൂര ഓട്ട മത്സരത്തിനിടയിൽ മക്കളെയും ഭാര്യയെയും കാണുവാനോ കേൾക്കുവാനോ കഴിയാത്തവർ കൂടുമ്പോൾ മാത്രം ഇമ്പമുണ്ടാകുന്നതാണ് കുടുംബം എന്ന് മനസ്സിലാക്കി…. പണത്തിനപ്പുറമുള്ള ജീവിതത്തിന്റെ സാധ്യതകൾ മനസ്സിലാക്കാൻ കൊറോണയെന്ന ബാധ്യത വേണ്ടി വന്നു… മരിച്ചു ജീവിച്ചിരുന്നവരെ കൊറോണ ജീവിച്ചു മരിക്കാൻ പഠിപ്പിച്ചു.പുറത്തേക്കു മാത്രം നോക്കിയിരുന്നവരെ അകത്തേക്ക് നോക്കാൻ സഹായിച്ചു . വീട്ടുപറമ്പിലെ പ്ലാവിനെ സ്വീകരണ മുറിയിലെ ഫർണിച്ചർ ആക്കി മാറ്റാൻ കാത്തിരുന്നവർ ചക്കയുടെ മുന്നിൽ കീഴടങ്ങി നിന്നു. .സൂര്യനെയും…മഴയെയും… നിലാവിനെയും അയൽക്കാരനെയും കാണാൻ തുടങ്ങി…. പക്ഷികളുടെ ശബ്ദത്തിനാണ് നാസിക് ബാൻഡിനേക്കാൾ മാധുര്യം എന്ന് തിരിച്ചറിയാൻ തുടങ്ങി…..

ദുര മൂത്തു കറുപ്പിച്ച പുഴയിൽ തെളിനീരുറവ ഒഴുകുന്നത് തിരിച്ചറിഞ്ഞു … പ്രകൃതിയുടെ സുഗന്ധവും നനവും നുകരാൻ തുടങ്ങി….പുരോഗതിയിലേക്ക് കുതി ക്കുന്നതിനിടയിൽ നഷ്ടപ്പെട്ടത് വില മതി ക്കാനാവാത്ത സ്വർഗങ്ങളായിരുന്നു എന്ന് തിരിച്ചറിയാൻ കഴിഞ്ഞു …….. .നല്ല വണ്ണം പഠിച്ചില്ലെങ്കിൽ 5കിലോ തൂക്കമുള്ള തൂമ്പയെടുത് കിളക്കാൻ പോകേണ്ടി വരുമെന്ന് യൂപി ക്ലാസ്സിൽ ഉപദേശിച്ചു തന്ന അദ്ധ്യാപകനും നമ്മളും ഇന്ന് ജീവിക്കുന്നത് ആ തൂമ്പയെടുത്ത കൈകളുടെ കരുതലൊന്നു കൊണ്ടു മാത്രമാണ്…. തീർച്ചയായും നമ്മൾ ആകാശം എത്തിപ്പിടിക്കാൻ ചാടണം…. പക്ഷെ അത് ഭൂമി നഷ്ടപെട്ടുകൊണ്ടാകരുത്…. മണ്ണിനെ മറന്നുകൊണ്ടാകരുത്…. ഹോട്ടലിൽ പോയി മൃഷ്ടാന്നം ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോഴേക്കും പാചകക്കാരനും വിളമ്പുകാരനും നമ്മൾക്ക് മൂന്നാം കിടക്കാരായിരുന്നു …… മണ്ണിൽ പൊന്നു വിളയിക്കുന്നവർക്ക് പെണ്ണിനെ കൊടുക്കാതെ നമ്മൾ മുഖം തിരിഞ്ഞു നിന്നു …. നമ്മൾക്ക് വേണ്ടി വിയർത്തു അന്നം തന്നവരെ അവഗണിച്ചും പരിഹസിച്ചും ആത്മഹത്യയിലേക്ക് തള്ളിവിട്ടും നമ്മൾ മട്ടുപ്പാവിൽ കയറിയിരുന്നു കാറ്റു കൊണ്ടു….. . മക്കൾക്ക്, മണ്ണ് പുരളാതെ ലോകം വെട്ടി പിടിക്കാനുള്ള വിദ്യ കൊടുത്തു….. നല്ലതു തന്നെ…. നമുക്കെല്ലാം വേണം… പക്ഷെ അതൊന്നിനെയും അവഗണിച്ചുകൊണ്ടായിരിക്കരുത്….. പ്രത്യേകിച്ച് അന്നദാതാക്കളെ….

എല്ലാ വെല്ലുവിളികളെയും നമുക്കവസരങ്ങളാക്കി മാറ്റാം … വെല്ലുവിളികളില്ലാത്തൊരു ലോകക്രമത്തിനുവേണ്ടിയല്ല മറിച്ചു അതിനെ കരുത്തോടെയും ആർജ്ജവത്തോടെയും നേരിടാൻ പ്രാപ്തിയുള്ളൊരു സാമൂഹ്യ ചുറ്റുപാട് രൂപപ്പെടുത്തിയെടുക്കാൻ വേണ്ടിയാവാണം പോരാട്ടം…. ഓരോ നിമിഷവും സ്വന്തം ഉള്ളിലേക്ക് നോക്കി സ്വയം പരിഷ്കരിക്കാം… ശത്രുവില്ലാത്തൊരു ജീവിതചര്യയിൽ സഞ്ചരിക്കാം..എറിയാൻ മാറ്റിവെച്ച കല്ലുകൾ കൊണ്ടൊരു സ്നേഹകൂടൊരുക്കാം … 5അപ്പം 5000 പേർക്ക് പങ്കു വെക്കാം…. ഈ നിമിഷവും ആത്മധൈര്യത്തോടെ കടന്നു പോകാം ….വരുന്ന വസന്തത്തിലെ തേൻ നുകരാൻ തീർച്ചയായും നമ്മളുണ്ടാവണം… അന്യന്റെ ശബ്ദം സംഗീതം പോലെ കേൾക്കാനുള്ള ബോധനവീകരണത്തിലേക്ക് നമ്മളേവരേയും എത്തിക്കാനുള്ളതാവട്ടെ ഈ കോവിഡ് പരീക്ഷണം

 

Related Articles

Back to top button