KeralaLatest

ദൃശ്യം വിറ്റത് മരയ്ക്കാര്‍ തിയേറ്ററില്‍ കാണിക്കാനെന്ന് ആന്‍റണി പെരുമ്പാവൂര്‍

“Manju”

സിന്ധുമോൾ. ആർ

100 കോടിയോളം രൂപ മുടക്കിയ മരയ്ക്കാര്‍ എന്ന സിനിമ വലിയ സ്ക്രീനില്‍ എല്ലാവരും കാണണം എന്നതിനാലാണു മോഹന്‍ലാല്‍ തന്നെ നായകനായ ദൃശ്യം 2 ആമസോണിനു വിറ്റതെന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. വില്‍ക്കേണ്ടിവരുമെന്നു കരുതിയില്ലെന്നും ഡിസംബര്‍ 31നകം തിയറ്റര്‍ തുറന്നില്ലെങ്കില്‍ ദൃശ്യം ഒ.ടി.ടിയില്‍ വില്‍ക്കാന്‍ തീരുമാനിച്ചതാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നേരത്തെ കരാര്‍ ഒപ്പുവെച്ചിരുന്നതായും ഡിസംബര്‍ കഴിഞ്ഞിട്ടും തിയറ്റര്‍ തുറക്കുമെന്ന് ആര്‍ക്കും അറിയില്ലാത്തതിനാല്‍ ഒടിടിയുമായുള്ള കരാര്‍ പാലിക്കേണ്ടിവന്നുവെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ദൃശ്യം വിറ്റതു വലിയ ചതിയായിപ്പോയെന്നു പറയുന്നവരുണ്ട്. ചിലരതു വലിയ വിവാദമാക്കാന്‍ നോക്കുന്നു. ഇതു പറയുമ്പോള്‍ ആരും എന്തിനു ചെയ്തു എന്ന് ആലോചിക്കുന്നില്ല. കാണികള്‍ക്ക് അങ്ങനെ ചിന്തിക്കാന്‍ അവകാശമുണ്ട്. കാരണം, തിയറ്ററില്‍ ഇരുന്നു അവര്‍ ആസ്വദിച്ചവയാണു മോഹന്‍ലാല്‍ സിനിമകള്‍. അവര്‍ക്കു ഇക്കാര്യത്തില്‍ എന്നെ ചോദ്യം ചെയ്യാനും അവകാശമുണ്ട്. ഞാനതു മാനിക്കുന്നു. പക്ഷേ എനിക്കു പറയാനുള്ളതു കൂടി ദയവു ചെയ്തു കേള്‍ക്കണം. കോവിഡ് കാലത്ത് മരക്കാര്‍ ഒടിടിക്കു വിറ്റിരുന്നുവെങ്കില്‍ എനിക്കു മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു. പലരും അതിനായി സമീപിച്ചതാണ്.

അതു വേണ്ടെന്നുവച്ചതു മരക്കാര്‍ തിയറ്ററില്‍ത്തന്നെ ജനം കാണണം എന്നതുകൊണ്ടുതന്നെയാണ്. ആ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരോടും കാണികളോടും എനിക്കുള്ള കടപ്പാടുകൊണ്ടാണ് അങ്ങനെ ചിന്തിച്ചത്. മരക്കാര്‍ ഒരു അത്ഭുതമാണെന്നു സിനിമയേക്കുറിച്ചറിയുന്ന എല്ലാവര്‍ക്കുമറിയാം. മലയാളത്തില്‍ എത്രപേര്‍ ഇത്രയേറെ വലിയ തുക മുടക്കി സിനിമയെടുക്കാന്‍ തയാറായിട്ടുണ്ട്. മോഹന്‍ലാലും ഞാനും പ്രിയദര്‍ശനുമടക്കമുള്ളവര്‍ മലയാള സിനിമയ്ക്കു വേണ്ടി ചെയ്ത സമര്‍പ്പണമാണ് മരക്കാര്‍. അല്ലാതെ അതൊരു സിനിമ മാത്രമല്ല. ദൃശ്യം 2 ആമസോണില്‍ത്തന്നെ റിലീസ് ചെയ്യുമെന്നും ഈ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ആന്റണി പറഞ്ഞു.

Related Articles

Back to top button