Thiruvananthapuram

വിനോദ സഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറമുകൾ ഹരിത ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു

“Manju”

ജ്യോതിനാഥ് കെ പി: പോത്തൻകോട്, മാണിക്കൽ, മുദാക്കൽ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിൽ വരുന്ന പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ വെള്ളാണിക്കൽ പാറമുകൾ ഹരിത ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു. ഇടുക്കി ജില്ലയിലെ വാഗമണിൽ നടപ്പിലാക്കിയ മാതൃകയിൽ ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും വിവിധ വകുപ്പുകളേയും ഏജൻസികളേയും സംയോജിപ്പിച്ചാണ് വെള്ളാണിക്കൽ ഗ്രീൻ ഡെസ്റ്റിനേഷൻ പദ്ധതി നടപ്പിലാക്കുന്നത്.ഇതിൻ്റെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്തു പ്രദേശത്തെ പ്രവർത്തനങ്ങൾ ഹരിതകേരളം മിഷൻ എക്സി. വൈസ് ചെയർപെഴ്സൺ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി വെള്ളാണിക്കൽ പാറമുകളിലെ മൂന്ന് ഏക്കറോളം പ്രദേശത്ത് ഓർമ്മത്തുരുത്തിനും തുടക്കം കുറിച്ചു. ഹരിത കേരളം മിഷൻ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുമായി സഹകരിച്ചാണ് ഓർമ്മത്തുരുത്ത് സ്ഥാപിക്കുന്നത്. ഹരിത കേരളം മിഷൻ്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ആദ്യ പച്ചത്തുരുത്ത് സ്ഥാപിച്ചത് പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വേങ്ങോട് ആണ്.സംസ്ഥാനത്തിപ്പോൾ ആയിരത്തി അഞ്ഞൂറിലധികം പച്ചത്തുരുത്തുകൾ സ്ഥാപിച്ചു കഴിഞ്ഞു. നിലവിലെ ഭരണസമിതികൾ സ്ഥാനമൊഴിയുന്നതിൻ്റെ ഭാഗമായി ഭരണ സമിതികളുടെ ഓർമ്മത്തുരുത്തുകളായി പച്ചത്തുരുത്തുകൾ നിർമ്മിക്കുന്ന പ്രവർത്തനം സംസ്ഥാനത്തെമ്പാടും ഇപ്പോൾ പുരോഗമിക്കുകയാണ്. ഇതിൻ്റെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്ത് 2015-20 ഭരണ സമിതിയുടെ ഓർമ്മത്തുരുത്തിനാണ് വെള്ളാണിക്കൽ പാറമുകളിൽ തുടക്കം കുറിച്ചത്.

ഹരിതകേരളം മിഷൻ എക്സിക്യുട്ടീവ് വൈസ് ചെയർപെഴ്സൺ ഡോ.ടി.എൻ.സീമ ആദ്യ തൈ നട്ടാണ് ഉദ്ഘാടനം ചെയ്തത് ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു.യോഗത്തിൽ വച്ച് പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ സ്വകാര്യ പച്ചത്തുരുത്ത് സ്ഥാപിച്ച എം.എം.യൂസഫ്, വേങ്ങോട് പച്ചത്തുരുത്ത് പരിപാലിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരെ ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ: കമ്മിറ്റി ചെയർമാൻ നേതാജിപുരം അജിത്,ഗ്രാമപഞ്ചായത്തംഗം അഡ്വ.S.V സജിത്ത്, ഹരിത കേരളംമിഷൻ ടെക്നിക്കൽ ഓഫീസർ വി.വി.ഹരിപ്രിയാദേവി,ശ്രീ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.

മുദാക്കൽ, മാണിക്കൽ ഗ്രാമ പഞ്ചായത്തുകളുമായി കൂടി ചർച്ച ചെയ്ത് ടൂറിസം ഉൾപ്പെടെയുള്ള വകുപ്പുകളുടെ സഹായത്തോടെ വെള്ളാണിക്കൽ പാറമുകളും വേങ്ങോട്, വെഞ്ഞാറമൂട്, കോലിയക്കോട് എന്നിവിടങ്ങളിൽ നിന്ന് പാറ മുകളിലേക്കുള്ള റോഡുകളും പ്ലാസ്റ്റിക് രഹിതവും, മാലിന്യ രഹിതവുമാക്കുന്നതുൾപ്പെടെയുള്ള ബൃഹത്തായ പദ്ധതി നടപ്പിലാക്കാനാണ് ഹരിത കേരളം മിഷൻ ലക്ഷ്യമിടുന്നതെന്ന് ഡോ.ടി.എൻ.സീമ പറഞ്ഞു.

നിരവധി വിനോദ സഞ്ചാരികൾ എത്തിച്ചേരുന്ന പാറമുകളും പരിസര പ്രദേശങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും മാലിന്യ നിക്ഷേപവും കാരണം നശിച്ചു കൊണ്ടിരിക്കുകയാണ്.ഈ പദ്ധതി നടപ്പിലാക്കുന്നതോടെ, ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button