KeralaLatestThiruvananthapuram

പോത്തൻകോട് ചന്ത തുറക്കണം… തെരുവിലിരുത്തി മഴ കൊള്ളിക്കരുതേ …ഈ പാവങ്ങളെ

“Manju”

വി ബി നന്ദകുമാർ

ലോക്ഡൌണ്‍ ഇളവുകള്‍ വന്നിട്ടും കടകള്‍ എല്ലാം തുറന്നിട്ടും ആരാധനാലയങ്ങളും ഷോപ്പിംഗ് മാളുകളും തുറന്നിട്ടും ഈ പാവങ്ങള്‍ ഇന്നും റോഡുവക്കിലാണ്. അന്നന്നുള്ള ഭക്ഷണത്തിന് അന്നന്ന് വകകണ്ടെത്തുന്നവര്‍. ഇവര്‍ ഈ ചെറുകിട കച്ചവടക്കാര്‍ ഇന്നും തെരുവിലാണ്. ആള്‍ക്കാരുടെ സഞ്ചാരം തടസപ്പെടുത്തികൊണ്ട് നടപ്പാതയില്‍ ഇങ്ങനെ കുത്തിയിരുന്ന് കച്ചവടം നടത്താന്‍ ഇവര്‍ക്ക് ഒട്ടും താല്പര്യമില്ല. ഇവര്‍ നിര്‍ബന്ധിതരായതാണ്. കോവിഡ് ലോക്ഡൌണ്‍ പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാര്‍ ആദ്യം ചെയ്തത് പൊതു ചന്തകള്‍ പൂട്ടിയിടുകയാണ്. പിന്നെരണ്ട് മാസത്തോളം ഇവര്‍ വീട്ടില്‍ അടച്ചിരുന്നു. ദുരിതവും പ്രയാസങ്ങളും കൂട്ടിന്. ലോക്ഡൌണിന് ഇളവുവന്നപ്പോള്‍ ഇവര്‍ വീണ്ടും ഇറങ്ങി ഒരുനേരത്തെ അഷ്ടിക്ക് വകകണ്ടെത്താന്‍. പക്ഷേ അപ്പോഴും ചന്തതുറന്നുകൊടുത്തില്ല. സാമൂഹ്യ അകലം പാലിക്കാനാണ് ചന്ത തുറക്കാത്തതെന്ന് സര്‍ക്കാറും പഞ്ചായത്തും ന്യായീകരിച്ചു. ചന്തയില്‍ ആള്‍ക്കാര്‍ തൊട്ടുരുമി തിക്കിതിരക്കുമത്രേ. വേണമെങ്കില്‍ ഫുഡ്പാത്തിലിരിക്കാന്‍ അധികൃതര്‍ മൌനാനുവാദവും കൊടുത്തു. പക്ഷേ സംഭവിചച്ചത് ലോക്ഡൌണ്‍ ചട്ടങ്ങള്‍ ലംഘിക്കുന്നതാണ്. റോഡുവക്കുകള്‍ ജനനിബിഡമായി. പോത്തന്‍കോട്ട് കോവിഡ് മരണം സംഭവിച്ചപ്പോഴും വഴിയോരങ്ങളില്‍ ഒരു മീന്‍ക്കുട്ടക്ക് ചുറ്റും പതിനഞ്ചിലധികംപേര്‍ കൂടികിടന്നു. ചോദിക്കാനും പറയാനും ആറുമുണ്ടായിരുന്നില്ല അന്ന്. ഈ ഗുരുതരാവസ്ഥ ശാന്തിഗിരി ന്യൂസ് ചൂണ്ടിക്കാട്ടി . അധികൃതര്‍ സടകുടഞ്ഞെണീറ്റു. പിന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. കഷ്ടിച്ച് ഒരാഴ്ചപോലും അതു നിലനിന്നില്ല. ഇപ്പോള്‍ നടപ്പാതകള്‍ കമ്പോള ഇടമായി രൂപാന്തരപ്പെട്ടിരിക്കുന്നു. സമൂഹവ്യാപനത്തിന് വളരെയേറെ സാധ്യതയാണ് ഇപ്പോള്‍ പോത്തന്‍കോട്ടെ അനിയന്ത്രിതമായ ജനക്കൂട്ടം വിരള്‍ ചൂണ്ടുന്നത്.

പോത്തന്‍കോട് വെഞ്ഞാറമൂട് റോഡില്‍ വന്‍തിരക്കാണ് എന്നും അനുഭവപ്പെടുന്നത്. കടകള്‍ തുറക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും കൂടി ചെയ്തതോടെ റോഡില്‍ കടുത്ത ഗതാഗതക്കുരുക്കായി.കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാകാത്ത തിരക്കാണ് എന്നും റോഡില്‍ ഇന്ന് അനുഭവപ്പെട്ടത്. വഴിയോരങ്ങള്‍ വ്യാപരകേന്ദ്രങ്ങളാണിവിടെ. മഴക്കാലത്തെ കാഴ്ച ദയനീയമാണ്. ദേശീയപാതയോരം മലിനമായികൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം ഒരാളിനാണ് കോവിഡ്ബാധ ഉണ്ടായതെങ്കില്‍ വരും ദിവസങ്ങളില്‍ സ്ഥിതിയെന്താകുമെന്ന് പ്രവചിക്കാനാകാത്ത് സ്ഥിതിയാണുള്ളത്. കച്ചവടക്കാര്‍ക്ക് അവര്‍ക്ക് കച്ചവടം നടത്താനുള്ള സൌകര്യം നല്‍കണം. ആരാധനാലയങ്ങള്‍ തുറക്കാമെങ്കില്‍ വന്‍കിട മാളുകല്‍ തുറക്കാമെങ്കില്‍ ഈ പാവം കച്ചവടക്കാര്‍ക്കായി എന്തുകൊണ്ട് ചന്തകള്‍ തുറന്നുകൊടുത്തുകൂട. ഇത് പോത്തന്‍കോടിന്റെ മാത്രം പ്രശ്നമല്ല. കേരളമാകെ ഈ ചോദ്യം ചോദിക്കുകയാണ്. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ചന്തകള്‍ പൂട്ടിയത്. അതുകൊണ്ട് സര്‍ക്കാര്‍ ഇനി ഒട്ടം അമാന്തിക്കാതെ ചന്തകള്‍ തുറന്നുകൊടുക്കണം. ഒപ്പം കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. അതാത് ഗ്രാമപഞ്ചായത്തുകള്‍ക്ക് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ചുമതല നല്‍കണം. കാരണം ഇത് ഒരു കൂട്ടം അസംഘടിതരായ ചെറുകിട കച്ചവടക്കാരുടെ ജീവിത പ്രശ്നമാണ്. മുന്തിയ ഷോപ്പിംഗ് മാളുകളുടെ ആവശ്യം അംഗികരിച്ചുകൊടുത്ത സര്‍ക്കാര്‍ ഒരു ദിവസം നാനൂറോ അഞ്ഞൂറോ രൂപ ലാഭം കിട്ടുന്ന ചെറുകിട കച്ചവടക്കാരുടെ ദുഖം കാണാതെപോകരുത്. ഇവരാണ് നാടിന്റെ കമ്പോള സംസ്ക്കാരത്തെ നിലനിര്‍ത്തുന്നവര്‍. സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നു തന്നെയാണ് ശാന്തിഗിരിന്യൂസ് പ്രതീക്ഷിക്കുന്നത്.

Related Articles

Check Also
Close
Back to top button