KeralaLatest

ആവശ്യത്തിന് അദ്ധ്യാപകരില്ല; ആശങ്കയോടെ വിദ്യാർത്ഥികൾ

“Manju”

സിന്ധുമോൾ. ആർ

മണ്ണാര്‍ക്കാട് : കൊറോണയുടെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ക്ക് ശേഷം സ്‌കൂളുകള്‍ തുറന്നെങ്കിലും അധ്യാപകര്‍ കുറവായതിനാല്‍ വിദ്യാര്‍ഥികളും, രക്ഷിതാക്കളും ആശങ്കയില്‍. വിദ്യാലയങ്ങള്‍ ഭാഗികമായി തുറന്ന് രണ്ടാഴ്ചയോളമായിട്ടും ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ അധ്യാപക ക്ഷാമം നേരിടുന്നത് പഠനം പ്രതിസന്ധിയിലാക്കുന്നു.

സംശയനിവാരണത്തിനും ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍പ്രവര്‍ത്തനത്തിനും മാതൃകാപരീക്ഷകള്‍ക്കുമായാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ എസ്‌എസ്‌എല്‍സി,പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് റൂം പഠനം പുനരാരംഭിച്ചത്. നടപ്പ് അധ്യായനവര്‍ഷത്തില്‍ അധ്യാപകരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നടക്കാത്തതിനാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പലയിടത്തും ചില വിഷയങ്ങള്‍ പഠിപ്പിക്കാന്‍ അധ്യാപകരില്ല. ശാസ്ത്ര വിഷയങ്ങളിലാണ് ഒഴിവുകളേറെയും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി നൂറ് കണക്കിന് അധ്യാപക തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി സമ്ബൂര്‍ണ വിജയം കൈവരിച്ചു വരുന്ന വടശ്ശേരിപ്പുറം ഷെയ്ഖ് അഹമ്മദ്ഹാജി സ്മാരക സര്‍ക്കാര്‍ ഹൈസ്‌കൂളിലും അട്ടപ്പാടി മേഖലയിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലും പല വിഷയങ്ങള്‍ക്കും സ്ഥിരം അധ്യാപകര്‍ തന്നെയില്ല. അപര്യാപ്തത പരിഹരിക്കുന്നതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും അധികൃതര്‍ വിമുഖത കാണിക്കുകയാണ്.

വിദ്യാലയങ്ങള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിക്കാത്തതിനാല്‍ ദിവസവേതനാടിസ്ഥാനത്തില്‍ പോലും അധ്യാപക നിയമനങ്ങള്‍ നടത്താനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വിരമിച്ചവരെയും പ്രൈമറി വിഭാഗത്തില്‍ നിന്നുള്ള യോഗ്യരായ അധ്യാപകരെയും ഇതിനായി വിനിയോഗിക്കണമെന്നാണ് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം. എന്നാല്‍ മിക്കയിടത്തും കൊറോണയുടെ പശ്ചാത്തലത്തില്‍ വിരമിച്ച അധ്യാപകരെയും ഒഴിവുള്ള തസ്തികകള്‍ക്ക് അനുയോജ്യരായ പ്രൈമറി അധ്യാപകരെയും കിട്ടാനില്ല. പൊതുപരീക്ഷകള്‍ മാര്‍ച്ചില്‍ തുടങ്ങാനിരിക്കെ വേണ്ടത്ര പഠനപിന്തുണ ലഭ്യമല്ലാത്ത അവസ്ഥയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തികഞ്ഞ ആശങ്കയിലാണ്.

Related Articles

Back to top button