ചെങ്കടലില്‍ വീണ്ടും ഉല്ലാസയാത്രക്ക് ഒരുങ്ങി ‘ക്രൂയിസ്’ കപ്പല്‍
ജിദ്ദ: ചെങ്കടലിലൂടെ വീണ്ടും ‘ക്രൂയിസ്’ കപ്പല്‍ ഉല്ലാസയാത്ര നടത്തുമെന്ന് സൗദി ക്രൂയിസ് കമ്ബനി പ്രഖ്യാപിച്ചു. ‘എം.എസ്.സി ബെല്ലിസിമ’ എന്ന കൂറ്റന്‍ ഉല്ലാസ നൗകയാണ് യാത്രക്കായി ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് ഈ കപ്പല്‍ ഇത്തരമൊരു യാത്രക്കായി തയാറാക്കുന്നത്.
ജിദ്ദയില്‍നിന്നു യാംബു, ജോര്ഡന്, ഈജിപ്ത് തീരങ്ങള്‍ എന്നിങ്ങനെ മൂന്ന് റൂട്ടുകളിലേക്കായിരിക്കും യാത്ര. വിവിധ റിസോര്‍ട്ടുകള്‍, റെസ്റ്റാറന്റുകള്‍, കായിക-വിനോദ പരിപാടികള്‍ തുടങ്ങി വിനോദത്തിനും വിശ്രമത്തിനും നിരവധി സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടായിരിക്കും ക്രൂയിസ് കപ്പലിലെ ഉല്ലാസയാത്രയെന്ന് കമ്ബനി അറിയിച്ചു. ദ്വീപുകള്‍, ബീച്ചുകള്‍, പവിഴപ്പുറ്റുകള്‍ തുടങ്ങി ചെങ്കടലിലെ മനോഹരമായ കാഴ്ചകള്‍ കാണാനും ആസ്വദിക്കാനും സഞ്ചാരപ്രിയര്‍ക്ക് അവസരമൊരുക്കും.
കുടുംബങ്ങള്‍, യുവാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കെല്ലാം ഒരേ രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന വിവിധ പരിപാടികളുമുണ്ടാവും. ഒരാള്‍ക്ക് 2150 റിയാല്‍ മുതലായിരിക്കും ടിക്കറ്റ് നിരക്ക്. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്ന ഈ കപ്പല്‍ ഉല്ലാസ യാത്ര ജിദ്ദ നിവാസികള്‍ക്ക് തികച്ചും വ്യത്യസ്തമായ ഒരനുഭവമായിരിക്കും സമ്മാനിക്കുക.
കഴിഞ്ഞ വര്‍ഷം ‘തനഫുസ്’ സമ്മര്‍ സീസണോട് അനുബന്ധിച്ചും ഇത്തരത്തില്‍ ചെങ്കടലില്‍ സൗദി ടൂറിസം വകുപ്പ് ക്രൂയിസ് കപ്പല്‍ യാത്ര സംഘടിപ്പിച്ചിരുന്നു. കിങ് അബ്ല്ല ഇക്കണോമിക് സിറ്റിയില്‍നിന്ന് യാംബുവിലേക്കും തബൂക്ക് നിയോം സിറ്റിയിലേക്കുമായി മൂന്ന് രാത്രി കഴിച്ചുകൂട്ടി വീണ്ടും കിങ് അബ്ദുല്ല സിറ്റിയിലേക്ക് തിരിച്ചുവരുന്ന രൂപത്തിലായിരുന്നു അന്നത്തെ യാത്രകള്‍.