Uncategorized

പഞ്ചാബിൽ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത മാസം

“Manju”

ഛണ്ഡീഗഡ് : പഞ്ചാബിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫെബ്രുവരി 14 ന് നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുൻ തെരഞ്ഞെടുപ്പുകളിൽ നിന്നും വ്യത്യസ്തമായി ഒരു ദിവസം മാത്രമാണ് തെരഞ്ഞെടുപ്പ്.

എട്ട് മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കും, 109 മുനിസിപ്പൽ കൗൺസിലിലേക്കും, പഞ്ചായത്തുകളിലേക്കും അടുത്ത മാസം 14 നാണ് തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ എട്ട് മണിയോടെ ആരംഭിക്കുന്ന വോട്ടെടുപ്പ് നാല് മണിക്ക് അവസാനിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ജഗ്പാൽ സിംഗ് സന്ധു അറിയിച്ചു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവിൽ വന്നു.

17 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. ഈ മാസം മുപ്പത് മുതൽ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഫെബ്രുവരി മൂന്നാണ് അവസാന തിയതി. ഫെബ്രുവരി നാലിന് നാമ നിർദ്ദേശ പത്രിക സൂക്ഷ്മപരിശോധന നടത്തും. അന്നേ ദിവസം തന്നെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക പിൻവലിക്കാനും അവസരമുണ്ട്. തെരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച അന്തിമ തീരുമാനം അന്നേ ദിവസം സ്ഥാനാർത്ഥികൾ കമ്മീഷനെ അറിയിക്കണം. ഫെബ്രുവരി 12ന് അഞ്ച് മണിക്ക് പാർട്ടികൾ പ്രചാരണം അവസാനിപ്പിക്കണം.

എട്ട് മുനിസിപ്പൽ കോർപ്പറേഷനുകളിലായി 400 സീറ്റുകളും, 109 മുനിസിപ്പൽ കൗൺസിലുകളിലും, പഞ്ചായത്തുകളിലുമായി 1902 സീറ്റുകളുമാണ് ഉള്ളത്. ഇതിൽ 50 ശതമാനം സീറ്റുകൾ സംവരണ സീറ്റുകളാണ്.

ആകെ 39,15,280 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 20,49,777 പുരുഷന്മാരും, 18,65,354 സ്ത്രീകളും, 149 ട്രാൻസ്‌ജെന്ററുകളുമാണ്.

Related Articles

Back to top button