Uncategorized

തിരുവനന്തപുരത്ത് വയലാർ സാംസ്കാരികോത്സവവും ഗാനസന്ധ്യയും

വയലാർ ഓർമ്മയിൽ വീണ്ടും അനന്തപുരി; സാഹിത്യ സംഗീത നൃത്തസന്ധ്യയൊരുങ്ങും

“Manju”

തിരുവനന്തപുരം:അനന്തപുരയിലെ വിവിധ വേദികളിലായി വയലാർ സാംസ്കാരിക വേദിയുടെ 15-ാംമത് വാർഷികവും സാംസ്കാരികോത്സവവും നടക്കും . 2023 ആഗസ്റ്റ് 2 മുതൽ 6 വരെ ഭാരത് ഭവനിലെ രണ്ട് വേദികളിലും, സ്വാതി തിരുനാൾ സംഗീത കോളേജ്, ചിത്തരഞ്ജൻ ഹാൾ എന്നീ വേദികളിലുമായാണ് പരിപാടികൾ അരങ്ങേറുന്നത് .

ഓഗസ്റ്റ് 2 ന് വൈകിട്ട് 5 മണിക്ക് ഭാരത് ഭവനിൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30ന് വി.കെ. പ്രശാന്ത് എം.എൽ.എ. പതാക ഉയർത്തുന്നതോടെ സാംസ്കാരികോത്സവത്തിന് തുടക്കമാകും. സ്മൃതിമണ്ഡപം ഉദ്ഘാടനം മുൻ മേയർ കെ. ചന്ദ്രിക നിർവഹിക്കും.

വൈകിട്ട് 5 ന് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷതവഹിക്കുന്ന സാംസ്കാരിക സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി ആശ്രമംജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചടങ്ങിൽ മഹനീയ സാന്നിദ്ധ്യമാകും..

ഓഗസ്റ്റ് 3 ന് 15-ാംമത് വാർഷിക സമ്മേളനം ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള നിർവ്വഹിക്കും. ബഹു.ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ മാസിലോണിയ ഓണററി കോൺസുലേറ്റായ ഡോ.കെ.ജി. പുരുഷോത്തിന് കർമ്മസേവന പുരസ്കാരം സമർപ്പിക്കും.

ഓഗസ്റ്റ് 4 ന് നടക്കുന്ന സാഹിത്യ സമ്മേളനത്തിൽ വയലാർ സിനിമ സാഹിത്യ പുരസ്കാരം പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണന് മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ സമ്മാനിക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ സമ്മേളനങ്ങളിൽ ആദരിക്കും. വാർഷിക സമ്മേളനത്തിൽ എം.എൽ.എ. മാരായ ആൻസലൻ, എം.വിൻസന്റ്, ഐ.ബി.സതീഷ്, ജി.സ്റ്റീഫൻ, മുൻ സ്പീക്കർ എം. വിജയകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

മലയാള ചലച്ചിത്ര രംഗത്തെ സംഗീത പ്രതിഭകളായ വയലാർ, ദേവരാജൻ, പി.ഭാസ്കരൻ, എം.കെ. അർജുനൻ, പൂവച്ചൽ ഖാദർ, ഗിരീഷ് പുത്തഞ്ചേരി, സലിൽ ചൗധരി, രവീന്ദ്രൻ, ജോൺസൻ തുടങ്ങിയ മൺമറഞ്ഞ സംഗീതജ്ഞരുടെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ എല്ലാദിവസവും വൈകിട്ട് 5.30 ന് ഭാരത് ഭവൻ ഓപ്പൺ ഓഡിറ്റോറിയമായ മണ്ണരങ്ങിൽ നടക്കും. ചലച്ചിത്ര പിന്നണി ഗായകരായ ശ്രീറാം, രവിശങ്കർ, മണക്കാട് ഗോപൻ, ഖാലിദ് സുരേഷ് വാസുദേവ്, അഖില ആനന്ദ്, പ്രമീള, സരിത രാജീവ് തുടങ്ങിയ 50 ൽപരം ഗായികാ ഗായകർ ഈ ഗാനസന്ധ്യയിൽ അണിനിരക്കുന്നു.

എല്ലാദിവസവും വൈകിട്ട് 5 മുതൽ സ്വാതിതിരുനാൾ സംഗീത കോളേജിൽ പ്രശസ്ത സംഗീതജ്ഞർ അവതരിപ്പിക്കുന്ന സംഗീതകച്ചേരിയും ഭാരത് ഭവനിലെ ചെമ്മാൻകുടി ശ്രീനിവാസയ്യർ ഹാളിൽ പ്രശസ്ത നർത്തകർ അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും ചിത്തരഞ്ജൻ മെമ്മോറിയൽ ഹാളിൽ പ്രശസ്ത സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സാഹിത്യോത്സവവും നടക്കും.

വിനോദ് വൈശാഖി, ഗിരീഷ് പുലിയൂർ മുരുകൻ കാട്ടാക്കട, വിളക്കുടി രാജേന്ദ്രൻ, ടി.പി. ശാസ്തമംഗലം, എം.ആർ. തമ്പാൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, സുമേഷ് കൃഷ്ണൻ, ഗിരിജ സേതുനാഥ് തുടങ്ങി 50 ൽ പരം സാഹിത്യകാരന്മാർ സാഹിത്യോത്സവത്തിൽ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ വയലാർ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ. രാജ് മോഹൻ, വൈസ് പ്രസിഡന്റ് ശ്രീവത്സൻ നമ്പൂതിരി, സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ജനറൽ കൺവീനർ മുക്കം പാലമൂട് രാധാകൃഷ്ണൻ, കോർഡിനേഷൻ കൺവീനർ ജി.വിജയകുമാർ, ഖജാൻജി ഗോപൻ ശാസ്തമംഗലം എന്നിവർ പങ്കെടുത്തു.

Related Articles

Back to top button