IndiaLatest

ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു.

“Manju”

 

അനുശോചനം അറിയിച്ച് പ്രധാനമന്ത്രി.

ന്യൂഡൽഹി: ഹിന്ദുസ്ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്തഫ ഖാൻ അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. 89 വയസായിരുന്നു.

1931 മാർച്ച് മൂന്നാം തീയതിയാണ് ഉസ്താദ് ഗുലാം മുസ്തഫ ഖാൻ ജനിച്ചത്. ഹിന്ദി ചലച്ചിത്ര മേഖലയിൽ ഗായകനായും സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. മൃണാൽ സെന്നിന്റെ ഭുവൻ ഷോമിലും നിരവധി മറാത്തി, ഗുജറാത്തി സിനിമകൾക്ക് വേണ്ടിയും പാട്ടുകൾ പാടി. ഹിന്ദി സിനിമാ സംഗീത മേഖലയിലെ നിരവധി പ്രതിഭകളുടെ ഗുരു കൂടിയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിലെ ബഡായൂണിൽ ജനിച്ച മുസ്തഫ ഖാനെ ചെറുപ്പകാലം മുതൽ തന്നെ രക്ഷിതാക്കൾ സംഗീതം പഠിപ്പിച്ചു തുടങ്ങിയിരുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി ശാസ്ത്രീയ സംഗീത കച്ചേരികൾ അദ്ദേഹം നടത്തിയിട്ടുണ്ട്. 1991- ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2003- ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, 2006- ൽ പത്മഭൂഷൺ, 2018 ൽ പത്മവിഭൂഷൺ എന്നിവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ മരണം സംഗീത മേഖലയ്ക്ക് തീരാനഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Related Articles

Back to top button