IndiaKeralaLatest

ബംഗാളിലെ കുതിപ്പിന് പിന്നാലെ വിരമിച്ച്‌ പ്രശാന്ത് കിഷോര്‍

“Manju”

കൊല്‍ക്കത്ത: ബംഗാളില്‍ എല്ലാപ്രവചനങ്ങളെയും കാറ്റില്‍ പറത്തി വന്‍ വിജയം തൃണമൂല്‍ കോണ്‍ഗ്രസിന് സമ്മാനിച്ചിരിക്കുകയാണ് പ്രശാന്ത് കിഷോര്‍. എന്നാല്‍ താന്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് വ്യക്തമാക്കുകയാണ് കിഷോര്‍. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റില്‍ നിന്ന് താന്‍ വിരമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ രംഗം വിടണമെന്ന് ഞാന്‍ കുറച്ച്‌ കാലമായി കരുതുന്നു. ഒരു അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും കിഷോര്‍ പറഞ്ഞു. നേരത്തെ ബിജെപി ബംഗാളില്‍ നൂറ് സീറ്റ് നേടിയാല്‍ താന്‍ ഇനി ഈ പണി എടുക്കില്ലെന്ന് വരെ പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. അത് തന്നെയാണ് നടന്നിരിക്കുന്നത്.
അതേസമയം ബിജെപി ബംഗാളില്‍ തോല്‍ക്കാന്‍ കാരണങ്ങളുണ്ടെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു. മമത ബാനര്‍ജി വലിയൊരു ഘടകമാണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി നേരിട്ടപ്പോള്‍ മമത രാഷ്ട്രീയപരമായി അടുത്തട്ടിലുണ്ടാക്കിയ മാറ്റം അവര്‍ തിരിച്ചറിഞ്ഞില്ല. ദീദി കെ ബോലോ, ദുവാരി സര്‍ക്കാര്‍, പരായ് സമാധാന്‍ എന്നിവ ശരിക്കും ഉപയോഗിച്ചിരുന്നില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലെ മാറ്റങ്ങളെ കുറിച്ച്‌ ബിജെപിക്ക് ഒന്നുമറിയില്ലായിരുന്നു. അതാണ് ബംഗാളില്‍ അവരുടെ തോല്‍വിക്ക് കാരണമായതെന്നും കിഷോര്‍ പറഞ്ഞു.
ബിജെപി ഒരേ രീതിയിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ തന്ത്രം മാറ്റാന്‍ അവര്‍ക്ക് അറിയില്ലെന്നും കിഷോര്‍ പറഞ്ഞു. തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് പോയവരൊക്കെ യാതൊരു ജനസ്വാധീനവുമില്ലാത്തവരാണ്. കരിഞ്ഞുപോയ മുട്ട പോലെയാണ് അവര്‍. അത്തരം നേതാക്കള്‍ക്ക് തൃണമൂല്‍ വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. പക്ഷേ അവരെ ബിജെപി കൂടെ നിര്‍ത്തി. തൃണമൂല്‍ ശരിക്കും ഈ നേതാക്കളെ ഒഴിവാക്കി കൊണ്ടിരിക്കുകയായിരുന്നു. ഇവരൊക്കെ പോയത് ബിജെപിയിലേക്ക്. അത് അവര്‍ക്ക് വലിയ ബാധ്യതയാവുകയും ചെയ്തു.
ഒരു തിരഞ്ഞെടുപ്പ് എത്രത്തോളം ഭിന്നിപ്പുകള്‍ നിറഞ്ഞതാണെങ്കിലും പ്രശ്‌നമില്ല. ഒരു പാര്‍ട്ടിക്കും ഒരു മതവിഭാഗത്തിന്റെ 50 ശതമാനത്തിലധികം വോട്ടുകള്‍ കിട്ടാന്‍ പോകുന്നില്ല. 50 ശതമാനത്തിലധികം ഹിന്ദുക്കള്‍ ചിലപ്പോള്‍ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടാവും. പക്ഷേ ബാക്കി വരുന്ന 45 ശതമാനത്തിലാണ് ഞങ്ങള്‍ ഫോക്കസ് ചെയ്തത്. 75 ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകളും തൃണമൂലിന് കിട്ടിയിട്ടുണ്ട്. ദളിത് വിഭാഗം ബിജെപിക്കൊപ്പമാണെന്ന് ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരെ കൂടെ നിര്‍ത്താനാണ് ഞങ്ങള്‍ പിന്നീട് ശ്രമിച്ചതെന്നും കിഷോര്‍ പറഞ്ഞു. കോണ്‍ഗ്രസിന് പ്രശ്‌നം പറ്റിയത് അവരുടെ പ്രവര്‍ത്തന രീതിയിലാണ്. അവര്‍ അക്കാര്യത്തില്‍ മാറി ചിന്തിക്കണമെന്നും കിഷോര്‍ ആവശ്യപ്പെട്ടു

Related Articles

Back to top button