KeralaLatest

ഒഎൻവി സാഹിത്യ പുരസ്‌കാരം എം ലീലാവതി ടീച്ചറിന്

“Manju”

എറണാകുളം: ഇത്തവണത്തെ ഒഎൻവി സാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യ നിരൂപക ഡോ എം ലീലാവതിയ്ക്ക് സമർപ്പിച്ചു. കളമശേരിയിലെ വസതിയിൽ നടന്ന ചടങ്ങിൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം സമർപ്പിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പൊതു നിരൂപണ രംഗത്ത് കുലപർവ്വത സമാനമായ വ്യക്തിത്വമാണ് ഡോ. എം ലീലാവതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏഴു പതിറ്റാണ്ടിലേറെയായി സാഹിത്യ നിരൂപണ രംഗത്ത് തെളിഞ്ഞു നിൽക്കുകയാണ് ലീലാവതി ടീച്ചർ. സമാനമാണെന്ന് പറയാവുന്ന മറ്റൊരു വ്യക്തിത്വമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തലമുറയെ സാഹിത്യ ആസ്വാദനത്തിന്റെ പുതിയ ചക്രവാളത്തിലേക്ക് ലീലാവതി ടീച്ചർ നയിച്ചു. ലീലാവതി ടീച്ചർ തന്നത് മലയാള കവിത സാഹിത്യ ചരിത്രം തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തനിക്ക് ലഭിച്ച പുരസ്‌കാരം അന്തിചായും നേരത്ത് നൽകപ്പെട്ട വലിയ സാന്ത്വനമാണെന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ലീലാവതി ടീച്ചർ പ്രതികരിച്ചു. വയസുകാലത്ത് കിട്ടുന്ന പുരസ്‌കാരങ്ങളെല്ലാം സാന്ത്വനമാണ്. തന്നെക്കാൾ താഴെ പ്രായമുള്ളവരുടെ പുരസ്‌കാരമെന്ന് പറയുന്നത് ദീർഘായുസിന് ലഭിക്കുന്ന ശാപമാണെന്നും ലീലാവതി ടീച്ചർ പറഞ്ഞു.

അദ്ധ്യാപിക, കവി, വിവർത്തക, ജീവചരിത്രരചയിതാവ് എന്നിങ്ങനെ വിവിധ തലങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ലീലാവതി ടീച്ചർ. വർണരാജി, അമൃതമശ്നുതേ, മലയാള കവിതാ സാഹിത്യ ചരിത്രം നവതരംഗം, വാത്മീകീ രാമായണ വിവർത്തനം എന്നിവയാണ് ലീലാവതി ടീച്ചറുടെ പ്രശസ്ത കൃതികൾ.

Related Articles

Back to top button