KeralaLatest

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം മാർച്ചിൽ; എം. ശിവശങ്കറിനെ ഡോളർ കടത്ത് കേസിലും പ്രതി ചേർക്കും

“Manju”

കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം മാർച്ചിൽ. പ്രതികൾക്കുള്ള ഷോക്കോസ് നോട്ടീസ് ഉടൻ നൽകും. ഏതാനും പ്രതികളെ പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഒഴിവാക്കിയേക്കും.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും എൻഐഎയ്ക്കും പിന്നാലെയാണ് സ്വർണക്കടത്ത് കേസിൽ കസ്റ്റംസും ഉടൻ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. കേസിൽ 26 പേരെയാണ് കസ്റ്റംസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാവരെയും പ്രോസിക്യൂഷൻ നടപടികൾക്ക് വിധേയരാക്കില്ല. കേസിലെ പങ്കാളിത്തവും കുറ്റത്തിന്റെ ഗൗരവവും അനുസരിച്ചായിരിക്കും പ്രോസിക്യൂഷൻ നടപടികൾ. ചില പ്രതികൾക്ക് നികുതിയും പിഴയുമടച്ച് പ്രോസിക്യൂഷൻ നടപടികളിൽ നിന്ന് ഒഴിവാകാം.

കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ആദ്യപടിയായി കേസിലെ എല്ലാ പ്രതികൾക്കും ഷോക്കോസ് നോട്ടീസ് നൽകും. കേസിൽ നിന്ന് ഒഴിവാക്കാൻ എന്തെങ്കിലും കാരണങ്ങളുണ്ടെങ്കിൽ നേരിട്ടോ അഭിഭാഷകൻ മുഖേനയോ കസ്റ്റംസ് ചീഫ് കമ്മീഷണർക്കു മുന്നിൽ ബോധിപ്പിക്കാം. ഷോക്കോസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മാർച്ചിൽ തന്നെ കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് കസ്റ്റംസ് കടക്കും.

കഴിഞ്ഞ ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജിന്റെ മറവിലുള്ള സ്വർണ കള്ളക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. സ്വർണക്കടത്തിന്റെ വിദേശത്തെ മുഖ്യ ആസൂത്രകനായ ഫൈസൽ ഫരീദ് ഉൾപ്പെടെയുള്ളവർ ഇനിയും പിടിയിലാകാനുണ്ട്. ഇവരെ യുഎഇയിൽ നിന്ന് വിട്ടുകിട്ടുന്നതിനുള്ള നടപടികൾ വൈകിയാൽ ഇവരെ കൂടി ഉൾപ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രം പിന്നീട് സമർപ്പിക്കും. ഇതിനിടെ ഡോളർ കടത്ത് കേസിലും എം. ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേർക്കും. ഡോളർ കടത്തിലെ ശിവശങ്കറിന്റെ പങ്കിന് വ്യക്തമായ തെളിവും മൊഴികളും ലഭിച്ചതോടെയാണ് കസ്റ്റംസിന്റെ തുടർ നടപടികൾ.

Related Articles

Back to top button