KeralaLatest

കരിയിലകള്‍ക്കിടയിലെ നവജാത ശിശു: എട്ടുപേരുടെ ഡി.എന്‍.എ പരിശോധിക്കും

“Manju”

കൊല്ലം: കല്ലുവാതുക്കലില്‍ സ്വകാര്യ പറമ്പിലെ കരിയിലകള്‍ക്കിടയില്‍ നിന്ന് ലഭിച്ച നവജാത ശിശു മരിച്ച സംഭവത്തില്‍ പൊലീസ് ഡി.എന്‍.എ പരിശോധനയ്ക്കൊരുങ്ങുന്നു. പ്രദേശവാസികളായ എട്ടുപേരുടെ പട്ടികയാണ് തയ്യാറാക്കിയത്.
കോടതി അനുമതിക്ക് കാത്തിരിക്കുകയാണ്. സ്വകാര്യത നിലനിറുത്തേണ്ടതിനാല്‍ പട്ടികയില്‍ ഉള്ളവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവ ശേഷം പ്രദേശത്തെ ഒട്ടുമിക്ക ആളുകളുടെയും പാല്‍, പത്രം വിതരണക്കാരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എട്ടുപേരുടെ പട്ടിക തയ്യാറാക്കിയത്.
മൊബൈല്‍ ടവര്‍ ലൊക്കേഷനുമായി ബന്ധപ്പെട്ട് അന്ന് ഉണ്ടായിരുന്ന മൊബൈല്‍ നമ്ബരുകളുടെ പട്ടിക തയ്യാറാക്കിയിരുന്നു. ഇതില്‍ കുട്ടിയെ കണ്ടെത്തിയ സമയവുമായി ബന്ധപ്പെടുത്തി പ്രത്യേകം തരം തിരിച്ച്‌ പുതിയ പട്ടിക തയ്യാറാക്കി. ഇതിലുള്ള എല്ലാവരെയും നേരിട്ടും ഫോണിലുമായി അന്വേഷണ സംഘം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.കല്ലുവാതുക്കല്‍ കുരിശുംമൂട് ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ ശശിധരന്റെ വീട്ടുപറമ്പിലെ കരിയിലകള്‍ക്കിടയില്‍ നിന്നാണ് ഈ മാസം 5ന് പുലര്‍ച്ചെ നവജാത ശിശുവിനെ കണ്ടെത്തിയത്. പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കകം ഉപേക്ഷിക്കപ്പെട്ട കുഞ്ഞായിരുന്നു. പുക്കിള്‍ക്കൊടിപോലും വേര്‍പെട്ടിരുന്നില്ല. കരച്ചില്‍കേട്ട് അയല്‍വാസികള്‍ നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ കുഞ്ഞ് മരിച്ചു. സംഭവത്തില്‍ നരഹത്യയ്ക്ക് കേസെടുത്താണ് പൊലീസ് അന്വേഷണം നടക്കുന്നത്.

Related Articles

Back to top button