ശ്രീജ.എസ്
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പറ്റേണിറ്റി അവധിയിലായിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി തിരികെ എത്തി. ഇതോടെ സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റനായിരുന്ന അജിങ്ക്യ രഹാനെ വൈസ് ക്യാപ്റ്റന്‍ റോളിലേക്ക് മാറി. ഓസീസിനെതിരെ അരങ്ങേറിയ തമിഴ്നാട് പേസര്‍ ടി നടരാജന് സ്ഥാനം നഷ്ടമായി. ഓസ്ട്രേലിയക്കെതിരെ കളിച്ച നവദീപ് സെയ്നി, പൃഥ്വി ഷാ എന്നിവരും ടീമില്‍ ഇടം നേടിയില്ല.
ഓസ്ട്രേലിയക്കെതിരെ പരുക്കേറ്റ് പുറത്തായ രവീന്ദ്ര ജഡേജ, ഹനുമ വിഹാരി, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവര്‍ക്കും ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല. ജഡേജയുടെ അഭാവത്തില്‍ ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ ടീമില്‍ തുടരും. ശര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സ്ഥാനം നിലനിര്‍ത്തി. ഗാബ ടെസ്റ്റില്‍ പരുക്കേറ്റ് പുറത്തായിരുന്ന ജസ്പ്രീത് ബുംറയും പര്യടനത്തിനിടെ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ലോകേഷ് രാഹുലും ടീമിലേക്ക് തിരികെ എത്തി. ഓസീസിനെതിരായ പരിമിത ഓവര്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് ടീമില്‍ തിരികെയെത്തി. അക്സര്‍ പട്ടേലാണ് ടീമിലെ പുതുമുഖം.