KeralaLatestSports

ക്യാപ്റ്റനായി സഞ്ജു: രാജസ്ഥാന്‍ റോയല്‍സിനെ ഇനി സഞ്ജു നയിക്കും

“Manju”

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു വി. സാംസണിനെ ഐ.പി.എല്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു. പുതിയ അധ്യായം ആരംഭിക്കുന്നു എന്ന അടിക്കുറിപ്പോടെ രാജസ്ഥാന്‍ റോയല്‍സ്  സമൂഹിക മാധ്യമങ്ങളിലൂടെയാണ് പുതിയ ക്യാപ്റ്റനെ തീരുമാനിച്ച വിവരം അറിയിച്ചത്.

നിലവിലെ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ഐപിഎല്‍ പതിനാലാം സീസണ്‍ താരലേലത്തിന് മുന്നോടിയായി റിലീസ് ചെയ്തുകൊണ്ടാണ് രാജസ്ഥാന്‍ റോയല്‍സ് തീരുമാനം അറിയിച്ചത്. മുന്‍ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന് നന്ദി അറിയിക്കുന്നതായും രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒരു ഐ.പി.എല്‍ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. 2013 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന സഞ്ജു കഴിഞ്ഞ കുറച്ചു സീസണുകളിലായി രാജസ്ഥാന്‍ ടീമിന്റെ നട്ടെല്ലാണ്‌. രാജസ്ഥാന് പുറമേ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകള്‍ക്കായും താരം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് കരുത്തില്‍ രാജസ്ഥാന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചെങ്കിലും പിന്നീട് തുടര്‍ച്ചയായ തോല്‍വി ഏറ്റുവാങ്ങി ടീം എട്ടാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. സയ്യിദ് മുസ്താഖ് അലി ട്വന്റി20യില്‍ കേരള ടീമിനെ നയിച്ചതും സഞ്ജുവായിരുന്നു. ആദ്യ മൂന്ന് കളികളില്‍ അട്ടിമറി ജയം നേടാനും കേരളത്തിന് സാധിച്ചിരുന്നു.

ഐപിഎല്ലില്‍ ഇതുവരെ കളിച്ച എട്ട് സീസണുകളിലായി 107 മത്സരങ്ങളില്‍ നിന്നായി 27.78 ശരാശരിയില്‍ 2584 റണ്‍സ് സഞ്ജു നേടിയിട്ടുണ്ട്. രണ്ട് സെഞ്ച്വറിയും 13 അര്‍ധസെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button