Uncategorized

ഹോട്ടല്‍ പാഴ്സലുകളില്‍ ഇന്നുമുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഭക്ഷണം എത്രസമയത്തിനുള്ളില്‍ കഴിക്കണമെന്ന് വ്യക്തമാക്കുന്ന സ്ലിപ്പോ, സ്റ്റിക്കറോ പാഴ്‌സല്‍ ഭക്ഷണങ്ങളില്‍ ഇന്നുമുതല്‍ നിര്‍ബന്ധം. അതിനിടെ ബുധന്‍ മുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ഭക്ഷണശാലകളില്‍ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കാന്‍, ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളില്‍ മുഴുവന്‍ ജീവനക്കാരും 15നകം ഹെല്‍ത്ത് കാര്‍ഡ് എടുക്കണം. ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള ആളുകളുടെ തിരക്കും കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ച് ഹെല്‍ത്ത് കാര്‍ഡ് എടുക്കാന്‍ രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കുകയായിരുന്നു. പരിശോധനയില്‍ കാര്‍ഡില്ലാത്തവരെ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കും.

രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റാണ് ആവശ്യം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങള്‍, വൃണം, മുറിവ് എന്നിവയുണ്ടോയെന്ന പരിശോധന, വാക്സിനുകളെടുത്തിട്ടുണ്ടോ എന്ന പരിശാധന, പകര്‍ച്ച വ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തണം. സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണം. ഒരു വര്‍ഷമാണ് ഈ ഹെല്‍ത്ത് കാര്‍ഡിന്റെ കാലാവധി.

അടപ്പിച്ച സ്ഥാപനം തുറക്കുമ്പോള്‍ ജീവനക്കാര്‍ക്കെല്ലാം രണ്ടാഴ്ചയ്ക്കകം ഭക്ഷ്യസുരക്ഷാ പരിശീലനം നേടണം. ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിങ് രജിസ്റ്റര്‍ ചെയ്ത് സത്യപ്രസ്താവന ഹാജരാക്കണം. സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്സല്‍ നിരോധിച്ചിട്ടുണ്ട്. ബുധന്‍ മുതല്‍ ഇതും നിര്‍ബന്ധമാണ്. മയോണൈസിനും നിരോധനമുണ്ട്.

Related Articles

Check Also
Close
Back to top button