Uncategorized

ദേശീയപാതയില്‍ പുതിയ ടോള്‍പ്ലാസ

“Manju”

കൊല്ലം: ദേശീയപാത 66 ആറുവരിപ്പാതയില്‍ കല്ലുവാതുക്കലിന് സമീപം പുതിയ ടോള്‍ പ്ലാസ നിലവില്‍ വരും. ഇതോടെ കുരീപ്പുഴയില്‍ നിലവിലുള്ള ടോള്‍ പിരിവ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. കല്ലുവാതുക്കല്‍ പഞ്ചായത്ത് ഗവ. ഹൈസ്‌കൂളിന് സമീപമാകും പുതിയ ടോള്‍ പ്ലാസ. 900 മീറ്റര്‍ നീളത്തിലാകും ടോള്‍ പ്ലാസ പ്രവര്‍ത്തിക്കുക. ഇതിനിടയില്‍ രണ്ട് വശങ്ങളിലായാകും ഇരുദിശങ്ങളിലെയും വാഹനങ്ങളുടെ ടോള്‍ പിരിവ്. ടോള്‍ പ്ലാസയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ സര്‍വീസ് റോഡ് ഉണ്ടാകും.

എന്നാല്‍ ഇരുദിശകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ടോള്‍ പിരിവില്‍ നിന്ന് രക്ഷപെടാന്‍ സര്‍വീസ് റോഡ് വഴി സഞ്ചരിക്കാനാകില്ല. ഇരുവശങ്ങളില്‍ നിന്നും സര്‍വീസ് റോഡ് വഴി കടന്നുവരുന്ന വാഹനങ്ങള്‍ നിശ്ചിത ടോള്‍ പ്ലാസയില്‍ നിന്ന് നിശ്ചിത ദൂരത്തില്‍ വച്ച്‌ ആറുവരിപ്പാതയിലേക്ക് പ്രവേശിക്കേണ്ടി വരും. പ്രദേശവാസികള്‍ക്ക് ആറുവരിപ്പാതയിലേക്ക് പ്രവേശിക്കാന്‍ മാത്രമേ ടോള്‍ പ്ലാസയോട് ചേര്‍ന്നുള്ള സര്‍വീസ് റോഡ് ഉപകരിക്കൂ. 50 കിലോ മീറ്റര്‍ ദൂരത്തിലാണ് ദേശീയപാതയില്‍ ടോള്‍ പിരിവ് ഉണ്ടാവുക. കല്ലുവാതുക്കലില്‍ ടോള്‍ പ്ലാസ വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ മറ്റെങ്ങും ടോള്‍ പിരിവ് ഉണ്ടാകില്ല.

പിരിച്ചെടുക്കുക 2500 കോടി

50 കിലോ മീറ്റര്‍ ദൂരത്തിലെ ദേശീയപാത വികസനത്തിന് ആകെ ചെലവായ തുകയാകും അതാതിടങ്ങളിലെ ടോള്‍ കേന്ദ്രങ്ങളിലൂടെ പിരിക്കുക. 1250 കോടിയുടേതാണ് 31.5 കിലോമീറ്റര്‍ നീളം മാത്രമുള്ള കാവനാട് കടമ്ബാട്ടുകോണം റീച്ചിന്റെ നിര്‍മ്മാണ കരാര്‍. പുതിയ ഫ്‌ളൈ ഓവറുകള്‍ അടക്കം വരുമ്ബോള്‍ നിര്‍മ്മാണ ചെലവ് 1350 കോടിയിലേക്ക് ഉയരും. കാവനാട് കടമ്ബാട്ടുകോണം റീച്ചില്‍ സ്ഥലമേറ്റെടുക്കലിനും കെട്ടിടങ്ങള്‍ക്കുമുള്ള നഷ്ടപരിഹാര വിതരണത്തിനായി ഏകദേശം 1015 കോടി ചെലവായിട്ടുണ്ട്. ഇതിന്റെ 25 ശതമാനം മാത്രമാണ് സംസ്ഥാനം വഹിച്ചിട്ടുള്ളത്. ബാക്കി തുകയും പിരിക്കേണ്ട ടോള്‍ തുകയില്‍ ഉള്‍പ്പെടും. ഇതിന് പുറമേ ഇരുവശങ്ങളിലെയും പത്ത് കിലോ മീറ്റര്‍ ദൂരത്തിലെ ചെലവ് കൂടി ചേര്‍ത്ത് ഏകദേശം 2500 കോടിയെങ്കിലും കല്ലുവാതുക്കലിലെ ടോള്‍ കേന്ദ്രത്തിലൂടെ നിശ്ചിതകാലത്തിനിടയില്‍ പിരിച്ചെടുക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ ഉണ്ടാകില്ല. സമീപവാസികള്‍ക്ക് പാസ് മുഖനേ ഇളവിനും സാദ്ധ്യതയുണ്ട്.

Related Articles

Back to top button