Uncategorized

സംഗീത സംവിധായകൻ എൻ.പി.പ്രഭാകരൻ അന്തരിച്ചു

“Manju”

മലപ്പുറം; പ്രശസ്ത സംഗീത സംവിധായകനും കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ എൻ.പി. പ്രഭാകരൻ (75) അന്തരിച്ചു. ട്രെയിൻ യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർ‌ന്നായിരുന്നു അന്ത്യം. കാലിക്കറ്റ് സർവകലാശാലയിൽനിന്നു സെക്‌ഷൻ ഓഫിസറായി വിരമിച്ചിരുന്നു. കോട്ടയം ജില്ലയിലെ തിരുവഞ്ചൂരാണ് സ്വദേശം. സംസ്കാരം നാളെ 2 ന് കോട്ടയത്ത്.

തേഞ്ഞിപ്പലത്തെ വസതിയിൽ വ്യാഴാഴ്ച ചെലവഴിച്ച ശേഷം രാത്രി തിരുവനന്തപുരത്തേക്കു ട്രെയിനിൽ‌ പുറപ്പെട്ടതായിരുന്നു. തൃശൂരിനു സമീപത്തുവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. വിവരമറിഞ്ഞെത്തിയ റെയിൽവേ ഉദ്യോഗസ്ഥർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സർ‌വീസ് സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പ്രഭാകരൻ രാഷ്ട്രീയ, സാംസ്കാരിക രംഗത്തും സജീവമായിരുന്നു. സിത്താര കൃഷ്ണകുമാർ അടക്കം ഒട്ടേറെപ്പേർക്ക് സംഗീത ലോകത്തേക്കു വഴികാട്ടിയത് അദ്ദേഹമാണ്. പൂനിലാവ്, അളകനന്ദ, ആനപ്പാറ അച്ചാമ്മ, ഇവൾ ദ്രൗപദി, അനുയാത്ര തുടങ്ങിയ സിനിമകൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. തരംഗിണിയുടെ ഓണഗാനങ്ങൾ അടക്കം നിരവധി ആൽബങ്ങൾക്കും ടിവി പരമ്പരകൾക്കും നാടകങ്ങൾക്കും സംഗീതം നൽകിയിട്ടുണ്ട്. യേശുദാസ്, പി.ജയചന്ദ്രൻ, എസ്. ജാനകി, എം.ജി.ശ്രീകുമാർ, ഉണ്ണി മേനോൻ, സുജാത തുടങ്ങിയ ഗായകർ പാടിയ ആ ഗാനങ്ങളിൽ‌ പലതും ശ്രോതാക്കൾ ഏറ്റെടുത്തിരുന്നു. 

Related Articles

Back to top button