Thrissur

ഉടൻ വരുന്നു: കെഎസ്ആർടിസിയുടെ അവനവൻ പടി സർവീസ്

“Manju”

ഇരിങ്ങാലക്കുട • കെഎസ്ആർടിസിയുടെ ജില്ലയിലെ ആദ്യ അൺ ലിമിറ്റഡ് ഓർഡിനറി സർവീസ് ഇരിങ്ങാലക്കുട ഡിപ്പോയിൽ നിന്ന് 21ന് ആരംഭിക്കും. ബസ് സ്‌റ്റോപ്പുകൾ എന്ന സങ്കൽപം തന്നെ ഇല്ലാതാക്കുന്നതാണ് അൺ ലിമിറ്റഡ് സർവീസുകൾ. യാത്രക്കാർക്ക് എവിടെ നിന്നും ബസിൽ കയറാം. എവിടെയും ഇറങ്ങാം. റോ‍ഡ് സെഡിലാണ് വീടെങ്കിൽ വീട്ടുപടിക്കൽ നിന്ന് ബസിൽ കയറിയിറങ്ങാമെന്നതാണ് ഇൗ സർവീസിന്റെ പ്രത്യേകത. ഇരിങ്ങാലക്കുട–കാട്ടൂർ–തൃപ്രയാർ–ചാലക്കുടി റൂട്ടിലാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്.

രാവിലെ ഇരിങ്ങാലക്കുടയിൽ നിന്ന് കാട്ടൂർ–എടമുട്ടം വഴി തൃപ്രയാറിൽ എത്തി തിരിച്ച് ഇരിങ്ങാലക്കുടയിലെത്തി തൊമ്മാന–കല്ലേറ്റുംകര–ആളൂർ വഴി ചാലക്കുടിയിലേക്ക് സർവീസ് നടത്തും. വൈകിട്ട് തൃപ്രയാറിൽ നിന്ന് ഇരിങ്ങാലക്കുടയിലെത്തി സർവീസ് അവസാനിപ്പിക്കും. ദിനംപ്രതി 6 സർവീസുകൾ ഉണ്ടായിരിക്കും. രാവിലെ 6.30 ഇരിങ്ങാലക്കുടയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. കോവിഡ് മൂലം സ്വകാര്യ ബസ് സർവീസുകൾ കുറഞ്ഞ സാഹചര്യത്തിൽ കെഎസ്ആർടിസിയുടെ പുതിയ സർവീസ് ജനങ്ങൾക്ക് സഹായകരമാവും. കെ.യു.അരുണൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

ജീവനക്കാരെ ജോലിസ്ഥലത്തേക്കും തിരിച്ചും സൗകര്യപ്രദമായി എത്തിക്കുന്നതിന് കെഎസ്ആർടിസിയുടെ ബസ് ഓൺ ഡിമാൻഡ് 22ന് ആരംഭിക്കും. ജില്ലയിൽ നിന്ന് എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ. 30 പേരുണ്ടെങ്കിൽ ബസ് ആരംഭിക്കും. ബുക്ക് ചെയ്യുന്നവർക്കെല്ലാം സീറ്റ് ലഭിക്കും. 10, 15, 20, 25 ദിവസങ്ങളിലേക്കുള്ള പണം മുൻകൂർ അടച്ച് ബോണ്ട് ട്രാവൽ കാർഡ് കൈപ്പറ്റാം. യാത്രക്കാരുടെ ആവശ്യമനുസരിച്ച് സർവീസുകളുടെ സമയക്രമം നിശ്ചയിക്കാനാണു തീരുമാനം. ‌പാലക്കാട്ടേക്ക് ആലത്തൂർ വഴിയും ഷൊർണൂർ ഒറ്റപ്പാലം വഴിയും സർവീസുണ്ട്. പരമാവധി 250 രൂപയാണ് നിരക്ക്. കോഴിക്കോട്ടേക്കുള്ള നിരക്ക് 390 രൂപയും എറണാകുളത്തേക്ക് 250 രൂപയും.

Related Articles

Back to top button