KeralaLatest

കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട്

“Manju”

കോഴിക്കോട്: ജങ്ഷനുകളില്‍ വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോവാന്‍ വിദേശരാജ്യങ്ങളിലെ മാതൃകയില്‍ കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല കോഴിക്കോട്ട് വരുന്നു. ആറുവരിപ്പാതയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും നിര്‍ദിഷ്ട പാലക്കാട്-കോഴിക്കോട് ഹൈവേയും വന്നുചേരുന്ന പന്തീരാങ്കാവിനടുത്ത് ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റര്‍ചേഞ്ച് പണിയുന്നത്.

ഒരു ദിശയില്‍നിന്നുവരുന്ന വാഹനങ്ങള്‍ക്ക് മറ്റുവാഹനങ്ങളെ മറികടക്കാതെ ഏതുഭാഗത്തേക്കും പോവാന്‍ കഴിയുമെന്നതാണ് സവിശേഷതയെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ പറഞ്ഞു. മേല്‍പ്പാലങ്ങളിലൂടെയായിരിക്കും വാഹനങ്ങള്‍ ചുറ്റിത്തിരിഞ്ഞുപോവുക. ഇരിങ്ങല്ലൂര്‍ നാലു ചെറിയ മേല്‍പ്പാലങ്ങളും (ലൂപ്പ്) ഒരു വലിയ മേല്‍പ്പാലവും വരും. കോഴിക്കോട് ബൈപ്പാസിലാണ് വലിയ മേല്‍പ്പാലമുണ്ടാവുക.

സാധാരണ ജങ്ഷനുകളില്‍ വാഹനങ്ങള്‍ക്ക് തിരിയാന്‍ റൗണ്ട് എബൗട്ടുകളാണ് പണിയാറുള്ളത്. റൗണ്ട് എബൗട്ടില്‍ വാഹനങ്ങള്‍ പരസ്പരം ക്രോസ്‌ചെയ്യുന്ന അവസ്ഥവരും. പ്രധാനപ്പെട്ട രണ്ടുദേശീയപാതകള്‍ സംഗമിക്കുന്ന സ്ഥലം എന്ന നിലയിലാണ് ട്രാഫിക് കൂടുതല്‍ സുരക്ഷിതവും തടസ്സമില്ലാതെ വാഹനങ്ങള്‍ കടന്നുപോവാനുമായി ട്രമ്പറ്റ് കവല നിര്‍മിക്കുന്നത്. ബെംഗളൂരുവില്‍ കെംബഗൗഡ വിമാനത്താവളത്തിലേക്കുള്ള ദേശീയപാതയില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ദേശീയപാതാ അതോറിറ്റി ട്രമ്പറ്റ് നിര്‍മിച്ചിട്ടുണ്ട്. കേരളത്തില്‍ ഇത് ആദ്യത്തെ പരീക്ഷണമാണ്. കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നതുകൊണ്ട് എല്ലായിടത്തും നിര്‍മിക്കാന്‍ കഴിയില്ല.

Related Articles

Back to top button