IndiaLatest

92 രാജ്യങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുവാന്‍ ഒരുങ്ങി ഇന്ത്യ

“Manju”

സിന്ധുമോൾ. ആർ
കോവിഡ് വാക്സിന്റെ കാര്യത്തില്‍ ഇന്ത്യ വീണ്ടും തിളങ്ങുകയാണ്. മറ്റു രാജ്യങ്ങള്‍ക്ക് കൈത്താങ്ങ് ആകുന്നതിലൂടെ ഇന്ത്യയുടെ കരുതലും സ്നേഹവും ഒക്കെ വെളിപ്പെട്ടു വരികയാണ്.ലോക നേതാക്കന്മാര്‍ ഇന്ത്യയുടെ ഈ കരുതലിനെ പുകഴ്ത്തിയിരുന്നു. ഇപ്പോളിതാ ഇന്ത്യയുടെ ഈ മികച്ച പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു വിദേശ മാധ്യമങ്ങളും രംഗത്തുവന്നിരിക്കുകയാണ്. 92 രാജ്യങ്ങളിലേക്ക് വാക്‌സിന്‍ എത്തുകയാണ്. ഇന്ത്യയുടെ വാക്‌സിന്‍ നയതന്ത്രം ഹിറ്റെന്ന് വിദേശമാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്നു. ഇതുകൂടാതെ  ഈ രാജ്യങ്ങളെല്ലാം തന്നെ ഇന്ത്യയില്‍ നിന്ന് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ച്‌ ദിവസങ്ങള്‍ മാത്രമേ ആയുള്ളൂവെങ്കിലും വാക്സിന്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ കഴിവിന്റെ കീര്‍ത്തി അതിര്‍ത്തികളുംകടന്നു പോയിരിക്കുകയാണ്. അയല്‍രാജ്യങ്ങളിലുള്‍പ്പെടെ ഇന്ത്യയുടെ കഴിവിനെ ഉയര്‍ത്താന്‍ ഇതിനോടകം രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്നാണ് വിദേശമാധ്യമങ്ങളുടെയടക്കം വിലയിരുത്തല്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉള്‍പ്പെടെ വളരെ ശക്തമായ വാക്സിന്‍ ഉത്പാദന മേഖലയുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കള്‍. ഇന്ത്യയുടെ ആവശ്യവും കഴിഞ്ഞ് മറ്റ് രാജ്യങ്ങള്‍ക്ക് കൂടി വാക്സിന്‍ വിതരണം ചെയ്യാനുള്ള പ്രാപ്തി രാജ്യത്തിനുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഇതിലൂടെ മറ്റൊരു രാജ്യത്തിനും ഇല്ലാത്ത തരത്തിലൊരു വാക്സിന്‍ നയതന്ത്രമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നതും.

ബുധനാഴ്ച മുതല്‍ ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മാലദ്വീപ് എന്നീ നാല് രാജ്യങ്ങള്‍ക്ക് മാത്രമായി 32 ലക്ഷം ഡോസ് വാക്സിന്‍ ഇന്ത്യ ഇതുവരെ നല്‍കിക്കഴിഞ്ഞു. മൗറീഷ്യസ്, മ്യാന്‍മാര്‍, സീഷെല്‍സ് എന്നിവിടങ്ങളിലെ കണക്കുകള്‍ വേറെയും. അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുള്ള വാക്സിന്‍ വിതരണം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് നിര്‍മാതാക്കളായ ഇന്ത്യയുടെ സവിശേഷമായ പ്രാപ്തിയേയും ശക്തിയേയുമാണ് ഈ നടപടികള്‍ വെളിപ്പെടുത്തുന്നത്. കോവിഡിനെ നേരിടാനുളള പെടാപ്പാടിനിടെ ലോകത്തെ വാക്സിനിലൂടെ സ്വാധീനിക്കാന്‍ പല രാഷ്ട്രങ്ങളും ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിരവധി അയല്‍രാജ്യങ്ങള്‍ക്ക് വാക്സിന്‍ ആദ്യമായി സമ്മാനിച്ചത് ഇന്ത്യ മാത്രമാണ്.

ചൈന പോലും വാക്സിന്‍ വില്‍പ്പനയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പേ ആരംഭിച്ചെങ്കിലും അടുത്തിടെ മാത്രമാണ് മ്യാന്‍മാറിനും കംബോഡിയയ്ക്കും ഫിലിപ്പൈന്‍സിനും വാക്സിന്‍ നല്‍കിയത്. അത് സൗജന്യമാണോ എന്നും വ്യക്തമല്ല. പാകിസ്താനും 500000 ഡോസ് വാക്സിന്‍ നല്‍കുമെന്നും ചൈന ഇന്നലെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയുടെ വാക്സിന്‍ വിതരണം വാക്സിന്‍ മൈത്രി, വാക്സിന്‍ ഫ്രണ്ട്ഷിപ്പ് തുടങ്ങിയ ഹാഷ്ടാഗോടെയാണ് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യപ്പെടുന്നത്. ലോകരാജ്യങ്ങളുടെ ആരോഗ്യസംബന്ധിയായ ആവശ്യങ്ങളില്‍ ദീര്‍ഘകാല പങ്കാളിയാവാന്‍ സാധിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദുരിതകാലത്തും രാജ്യം മുന്നോട്ടുവെയ്ക്കുന്ന വാക്സിന്‍ നയതന്ത്രം ആഗോളതലത്തില്‍ ഇന്ത്യയുടെ മൈലേജ് കൂട്ടുമെന്നാണ് ഇപ്പോള്‍ കണക്കുകൂട്ടുന്നത്.

Related Articles

Back to top button