KeralaLatest

അപസ്‌മാരരോഗിയായ യുവാവ്‌ ബസിനടിയില്‍ വീണ്‌ മരിച്ചു

“Manju”

കോട്ടയം : നഗരമധ്യത്തിലെ ചന്തക്കവലയില്‍ അലഞ്ഞുനടന്നിരുന്ന യുവാവ്‌ സ്വകാര്യ ബസിനടിയിലേക്കു കുഴഞ്ഞുവീണ്‌ മരിച്ചു. അപസ്‌മാരരോഗിയും പ്രമേഹബാധിതനുമായ യുവാവ്‌ കോവിഡ്‌ പോസിറ്റീവായിരുന്നെന്നു പരിശോധനയില്‍ കണ്ടെത്തി. കോട്ടയം ചന്തക്കടവ്‌ തടത്തിപ്പറമ്ബ്‌ ബേബിയുടെ മകന്‍ രാജേഷാ(കുഞ്ഞുകൊച്ച്‌- 35)ണു മരിച്ചത്‌.
ചന്തക്കവലയില്‍ എം.എല്‍. റോഡിലെ ഷാപ്പിനു മുന്നില്‍ ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. അപസ്‌മാരത്തേത്തുടര്‍ന്നു കുഴഞ്ഞുവീണ രാജേഷ്‌ എഴുന്നേല്‍ക്കാന്‍ ശ്രമിക്കവേ, കോട്ടയം-കോളനി റൂട്ടിലോടുന്ന സാല്‍വിയ ബസിനടിയിലേക്കു വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രങ്ങള്‍ രാജേഷിന്റെ തലയില്‍ കയറിയിറങ്ങിയതായി നാട്ടുകാരും തലയടിച്ചുള്ള വീഴ്‌ചയാണു മരണകാരണമെന്നു പോലീസും പറയുന്നു.
അപകടസ്‌ഥലത്തെത്തിയ പോലീസ്‌, അഗ്‌നിശമനസേനയുടെ ആംബുലന്‍സ്‌ വിളിച്ചുവരുത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. അവിവാഹിതനായ രാജേഷ്‌ എം.എല്‍. റോഡില്‍ അലഞ്ഞുതിരിയുന്നതു പതിവായിരുന്നെന്നു പോലീസ്‌ പറഞ്ഞു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ്‌ പോസിറ്റീവായതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌, ഇന്നു രണ്ടിനു മുട്ടമ്പലം ശ്‌മശാനത്തില്‍ സംസ്‌കരിക്കും.

Related Articles

Back to top button